വിശാലിന്റെ വില്ലനായി ജോജിയിലെ കുട്ടപ്പൻ
വിശാൽ നായകനായി അഭിനയിക്കുന്ന ലാത്തി എന്ന ചിത്രത്തിൽ പ്രതിനായകനായി മലയാളി താരം പി.എൻ. സണ്ണി. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ജോജി സിനിമയിൽ പനച്ചേൽ കുട്ടപ്പൻ എന്ന അപ്പൻ കഥാപാത്രത്തെ അവതരിപ്പിച്ച് മിന്നുന്ന പ്രകടനം കാഴ്ചവച്ച പി.എൻ. സണ്ണി ആദ്യമായാണ് തമിഴിൽ വേഷമിടുന്നത്. 26 വർഷം മുൻപ് പുറത്തിറങ്ങിയ സ്ഫടികം എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിൽ രണ്ടേ രണ്ട് സീനിൽ പ്രത്യക്ഷപ്പെട്ട തൊരപ്പൻ ബാസ്റ്റ്യൻ എന്ന കഥാപാത്രത്തിലൂടെയാണ് പി.എൻ. സണ്ണി ശ്രദ്ധേയനാവുന്നത്. ആക്ഷൻ ചിത്രമായ ലാത്തിയിൽ പൊലീസ് വേഷമാണ് വിശാൽ അവതരിപ്പിക്കുന്നത്. വിശാലും പി.എൻ സണ്ണിയും ചേർന്ന് പീറ്റർ ഹെയ്ൻ ഒരുക്കുന്ന അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ ലാത്തിയുടെ ഹൈലൈറ്റായിരിക്കും. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ലാത്തി വിശാലിന്റെ 32-ാമത്തെ ചിത്രമാണ്. നവാഗതനായ എ. വിനോദ്‌കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുനൈനയാണ് നായിക. പ്രഭു സുപ്രധാന വേഷത്തിൽ എത്തുന്നു. നടൻമാരായ രമണയും നന്ദയും ചേർന്ന് റാണ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് യുവൻ ശങ്കർരാജ, സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിക്കുന്നു.