സൈബർ ആക്രമണം: സ്‌പൈ‌സ് ജെറ്റ് സർവീസുകൾ മുടങ്ങി

Thursday 26 May 2022 12:25 AM IST

മുംബയ്: ഏറ്റവും ചെലവ് കുറഞ്ഞ വിമാനകമ്പനിയായ സ്‌പൈസ് ജെറ്റിന് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് വിമാനസർവീസുകൾ മണിക്കൂറുകളോളം വൈകി.

ചൊവ്വാഴ്ച രാത്രിയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് സ്‌പൈസ് ജെറ്റിന്റെ സെർവർ സൈബർ ഭീകരൻമാർ ഹാക്ക് ചെയ്തത്. കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ നിലച്ചതോടെ നിരവധി വിമാനങ്ങൾ വൈകി. നൂറുകണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങി.

തുടർന്ന് സൈബർ ഹാക്കിംഗ് ഉണ്ടായെന്ന വിശദീകരണവുമായി കമ്പനി രംഗത്തെത്തി.

കമ്പനിയുടെ ഐ.ടി ടീം സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ ഫ്‌ളൈറ്റുകൾ സാധാരണ പോലെ സർവീസ് നടത്തുന്നുണ്ടെന്ന് സ്‌പൈസ് ജെറ്റ് പ്രസ്താവനയിൽ അറിയിച്ചു. 'കഴിഞ്ഞ രാത്രി സ്‌പൈസ് ജെറ്റ് സംവിധാനങ്ങൾ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സൈബർ ആക്രമണത്തിന് ഇരയായി. രാവിലെയുള്ള വിമാനങ്ങളുടെ സർവീസിനെ ഇത് ബാധിച്ചു. കമ്പനിയുടെ ഐ.ടി സംഘം സ്ഥിതിഗതികൾ മനസിലാക്കി കൈകാര്യം ചെയ്തു. വിമാനങ്ങൾ നിലവിൽ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്' സ്‌പൈസ് ജെറ്റ് ട്വീറ്റ് ചെയ്തു.