ടെക്‌സസിലെ സ്‌കൂളിൽ വെടിവയ്പ് : 19 കുട്ടികളടക്കം 21 പേർ കൊല്ലപ്പെട്ടു, അക്രമിയെ വെടിവച്ചു കൊന്നു

Thursday 26 May 2022 12:00 AM IST

ന്യൂയോർക്ക്: യു.എസിലെ തെക്കൻ ടെക്സസിലെ പ്രൈമറി സ്കൂളിലുണ്ടായ വെടിവയ്പിൽ 19 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമടക്കം 21പേർ കൊല്ലപ്പെട്ടു. നിരവധി കുട്ടികൾക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണ്. യൂവാൽഡീ നഗരത്തിലെ റോബ് എലിമെന്ററി സ്കൂളിൽ ഇന്നലെ രാവിലെ 11.32ഓടെയായിരുന്നു (പ്രാദേശിക സമയം) സംഭവം.

ഒന്നിലധികം തോക്കുകളുമായി സ്കൂളിലേക്ക് കയറിച്ചെന്ന് തുരുതുരാ വെടിയുതിർന്ന

സാൻ ആന്റണിയോ സ്വദേശി സാൽവഡോർ റാമോസിനെ (18) പൊലീസ് വെടിവച്ചു കൊന്നു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

സ്വന്തം മുത്തശ്ശിയെ വെടിവച്ചതിന് ശേഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചാണ് റാമോസ് സ്കൂളിലെത്തിയത്. കൈത്തോക്കിന് പുറമേ ഒരു എ.ആർ - 15 സെമി ഓട്ടോമാറ്റിക് റൈഫിളും ഇയാളുടെ കൈയിലുണ്ടായിരുന്നു.

സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും,​ 'മരിക്കാൻ ഒരുങ്ങൂ' എന്നലറിക്കൊണ്ട് റാമോസ് ക്ലാസ്‌മുറികളിൽ കയറി വെടിവയ്ക്കുകയായിരുന്നു. 2,​3,​4 ക്ളാസുകളിലെ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടവരിലേറെയും. 7 മുതൽ 10 വയസുവരെയുള്ള 500ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ സ്പാനിഷ്, ലാറ്റിൻ വംശജരാണ് കൂടുതൽ.

റാമോസിന്റെ വെടിയേറ്റ മുത്തശ്ശി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

യു.എസ് ബോർഡർ പെട്രോൾ സംഘം ഉടൻ സ്കൂളിലെത്തി​ റാമോസിനെ വെടിവച്ച് കൊല്ലുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥർക്കും വെടിയേറ്റു. റാമോസിന് മാനസികപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കുന്നു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കുട്ടികളോടുള്ള ആദര സൂചകമായി വൈറ്റ് ഹൗസിലേയും മറ്റ് ഫെഡറൽ കെട്ടിടങ്ങളിലെയും ദേശീയ പതാക താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.

2012ൽ കണക്റ്റിക്കട്ടിലെ എലിമെന്ററി സ്കൂളിൽ സമാന ആക്രമണത്തിൽ 20 കൊച്ചുകുട്ടികൾ കൊല്ലപ്പെട്ടിരുന്നു.

 10 ദിവസം മുമ്പ് ന്യൂയോർക്കിലെ ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.പട്ടാളവേഷം ധരിച്ചെത്തിയ പേ‌ടെൻ ജെൻഡ്രനായിരുന്നു (18) അക്രമി. വംശീയ വിദ്വേഷമായിരുന്നു അക്രമത്തിന് പിന്നിൽ.

Advertisement
Advertisement