ഒഡിഷയിൽ ബസ് അപകടം : 6 മരണം, 45 പേർക്ക് പരിക്കേറ്റു

Thursday 26 May 2022 11:53 PM IST

ഭുവനേശ്വർ: ഒഡിഷയിൽ വിനോദസഞ്ചാരികളുമായെത്തിയ ബസ് ബ്രേക്കില്ലാതെ നിയന്ത്രണം വിട്ട് മറിഞ്ഞ് പശ്ചിമബംഗാൾ സ്വദേശികളായ നാലു സ്ത്രീകളടക്കം ആറുപേർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗഞ്ചം ജില്ലയിലെ മലയോര മേഖലയായ കലിംഗ ഘട്ടിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പശ്ചിമബംഗാളിലെ ഹൗറ ജില്ലയിൽ നിന്നും ഒഡിഷയും ആന്ധ്രയും സന്ദർശിക്കാനെത്തിയ 50 വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. തിങ്കളാഴ്ചയാണ് സംഘം യാത്ര പുറപ്പെട്ടത്.

ചൊവ്വാഴ്ച പകൽ മുഴുവൻ കാണ്ഡമാൽ ജില്ലയിലെ ദറിംഗ്ബാഡിയിലാണ് ഇവർ ചെലവഴിച്ചത്. രാത്രി 11.30 ഓടെ റോഡരികിൽ നിന്ന് ഭക്ഷണം കഴിച്ച് വിശാഖപട്ടണത്തേക്കുള്ള യാത്ര ആരംഭിച്ചു. മഞ്ഞ് മൂടിയ റോഡിലൂടെ യാത്ര തുടരവെ, ബസിന്റെ ബ്രേക്ക് തകരാറിലായി. ഇക്കാര്യം ഡ്രൈവർ യാത്രക്കാരെ അറിയിച്ചതോടെ എല്ലാവരും പരിഭ്രാന്തരായി. ബസ് നിയന്ത്രണം വിട്ട് റോഡരികിലെ തൂണുകളിൽ ഇടിച്ച് മറിഞ്ഞു. നിരവധിപ്പേർ ബസിനടിയിൽ കുടുങ്ങി.

ഭഞ്ജനഗർ പൊലീസ് ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ഭഞ്ജനഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ളവരെ എം.കെ.സി.ജി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻപട്നായിക് തുടങ്ങിയവർ അനുശോചിച്ചു.