കനൽ കെടാത്ത അടുപ്പ്, കടൽ കടന്ന് ശശിയേട്ടൻസ് ഹോട്ട് ബീഫ്

Thursday 26 May 2022 1:18 AM IST

തിരുവനന്തപുരം: ശശിയേട്ടന്റെ കടയിലെ ഡ്രൈബീഫ് ഒരിക്കൽ കഴിച്ചവർ പിന്നെയും പിന്നെയും പെരുമ്പഴുതൂർ കല്ലുപാലത്തുള്ള ശാസ്‌താ ടീ സ്റ്റാൾ തേടി വരും. അത്രയ്ക്ക് പൊളിസാധനം!

ബീഫ് പ്രേമികൾ നഗരത്തിൽ നിന്നും ജില്ലയ്‌ക്ക് പുറത്ത് നിന്നുമൊക്കെ എത്തുമെങ്കിലും ശശിയേട്ടന് അതിന്റെ ജാഡയൊന്നുമില്ല. വിറകടുപ്പിനടുത്ത് എപ്പോഴും ഉണ്ടാകും. എപ്പോൾ ചെന്നാലും ഇവിടത്തെ ബീഫ് ഹോട്ടാണ്.

രാത്രി ഏഴരയ്‌ക്ക് കട പൂട്ടും മുൻപ് പാകം ചെയ്യുന്ന ബീഫ് കറിയും ഡ്രൈ ബീഫുമാണ് ഇവിടത്തെ ഹൈലൈറ്റ്. ബീഫ് വിറകടുപ്പിൽ പാകം ചെയ്‌ത് മൂടിവച്ച ശേഷം കനൽ കെടുത്താതെയാകും ശശിധരൻ വീട്ടിലേക്ക് മടങ്ങുന്നത്. വെളുപ്പിന് മൂന്നരയ്‌ക്ക് കട തുറക്കുമ്പോഴും ബീഫ് അടുപ്പിൽ നിന്ന് മാറ്റില്ല. അതുകൊണ്ട് ഏത് സമയത്ത് ചെന്നാലും ചൂട് ബീഫ് കഴിക്കാം. ദോശ കൂടാതെ പൊറോട്ടയും അപ്പവും ശാസ്‌താ ടീ സ്റ്റാളിൽ ലഭിക്കും. നഗരത്തിലേക്ക് പണിക്ക് പോകുന്ന പ്രദേശവാസികളെല്ലാം ഇവിടെ നിന്ന് പാഴ്‌സൽ വാങ്ങിയാണ് വെളുപ്പിന് വണ്ടി കയറുന്നത്. കൊല്ലം,ആലപ്പുഴ,പത്തനംതിട്ട തുടങ്ങി തെക്കൻ ജില്ലകളിൽ നിന്നും നിരവധി പേർ ഇവിടേക്ക് എത്താറുണ്ട്. ലീവ് കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ ശശിയേട്ടന്റെ ബീഫ് വാങ്ങി വിദേശത്തേക്ക് കൊണ്ടുപോകുന്ന പ്രവാസികളും ധാരാളം. നിരവധി ഫുഡ് വ്ലോഗർമാരും ഇവിടെയെത്താറുണ്ട്. ബാലരാമപുരം സ്വദേശി രാജൻ 30 പ്ലേറ്റ് ബീഫാണ് കഴിഞ്ഞദിവസം സൗദിയിലേക്ക് കൊണ്ടുപോയത്.

കൂലിപ്പണിക്കാരനായ ശശിധരൻ 15 വർഷം മുമ്പാണ് വീടിന് സമീപത്തായി ശാസ്‌താ ടീ സ്റ്റാൾ ആരംഭിച്ചത്. ശാരീരിക അവശതകളെ തുടർന്ന് മറ്റ് ജോലികൾ ചെയ്യാൻ കഴിയാതെ വന്നപ്പോഴായിരുന്നു ഇത്തരമൊരു സംരംഭം തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ശശിധരൻ പറയുന്നു. ആദ്യം തലേ ദിവസത്തെ ബീഫാണെന്ന് പറയുമ്പോൾ പലർക്കും കഴിക്കാൻ മടിയായിരുന്നു. എന്നാൽ കഴിച്ച് തുടങ്ങിയവർ പരസ്‌പരം പറഞ്ഞുപറഞ്ഞ് സംഭവം ഹിറ്റായി. ദോശയ്‌ക്ക് മൂന്ന് രൂപയും ബീഫിന് 75 രൂപയുമാണ് ഈടാക്കുന്നത്. വലിയ ലാഭം പ്രതീക്ഷിക്കുന്നില്ല. എന്നാൽ താങ്ങാനാവാത്ത വിലക്കയറ്റം കാരണം എത്രനാൾ ചായക്കട മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അറിയില്ലെന്ന് ശശിധരൻ പറഞ്ഞു. ശശിയേട്ടന് സഹായവുമായി ഭാര്യ ഷൈലജ അടുക്കളയിലും അരങ്ങത്തും ഒപ്പമുണ്ട്.

Advertisement
Advertisement