ലൈംഗിക തൊഴിലാളികളോട് മാന്യമായി പെരുമാറണം:സുപ്രീംകോടതി

Thursday 26 May 2022 12:07 AM IST

ന്യൂഡൽഹി: ലൈംഗിക തൊഴിലാളികളോട് പൊലീസ് മാന്യമായി പെരുമാറണമെന്നും വാക്ക് കൊണ്ട് പോലും അധിക്ഷേപിക്കരുതെന്നും സുപ്രീംകോടതി. പൊലീസ് റെയ്ഡും മറ്റ് നടപടികളും സ്വീകരിക്കുമ്പോൾ ലൈംഗിക തൊഴിലാളികളുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് മാദ്ധ്യമങ്ങളോടും കോടതി നിർദ്ദേശിച്ചു. ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയോ അവരുടെ വിവരങ്ങൾ പുറത്ത് വിടുകയോ ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 സി വകുപ്പ് പ്രകാരം നടപടി എടുക്കണം. ഇക്കാര്യത്തിൽ ഉചിതമായ മാർഗനിർദ്ദേശം നൽകാൻ പ്രസ് കൗൺസിൽ ഓഫ്‌ ഇന്ത്യയെ കോടതി ചുമതലപ്പെടുത്തി.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് കോടതി നിയോഗിച്ച പാനൽ നൽകിയ ചില ശുപാർശകൾ അംഗീകരിച്ച് കൊണ്ടാണ് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് വരെ ഈ നിർദ്ദേശങ്ങൾ നില നിൽക്കുമെന്ന് കോടതി വ്യക്തമാക്കി. ഏത് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികളായാലും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം മാന്യമായി ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.