ലൈഫ് ഭവന പദ്ധതി .... അന്തിമ പട്ടിക ആഗസ്റ്റിൽ

Thursday 26 May 2022 1:15 AM IST

ആലപ്പുഴ: ലൈഫ് മിഷന്റെ വീട് ലഭിക്കുന്നതിനുള്ള 2017ലെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർ നൽകിയ അപേക്ഷകളുടെ അന്തിമ പട്ടിക ആഗസ്റ്റ് പകുതിയോടെ പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ട അർഹതാ പരിശോധന ജില്ലയിൽ പൂർത്തീകരിച്ചു. തുടർന്നുള്ള സൂപ്പർ പരിശോധന പൂർത്തീകരിച്ച് കരട് ഗുണഭോക്തൃ പട്ടിക അടുത്തമാസം 10ന് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം.

ആകെ 62,481 അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചത്. ഇതിൽ 47,934 പേർ ഭൂമിയുള്ള ഭവനരഹിതരും 14,548പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തി നടത്തിയ പരശോധനയിൽ 37,735 കുടുംബങ്ങൾ അർഹരാണെന്ന് കണ്ടെത്തി. ഇതിൽ 27.823 പേർ ഭൂമിയുള്ള ഭവനരഹിതരും 9,912പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്. എന്നാൽ ഗുണഭോക്താക്കൾ അപേക്ഷകരിൽ 40ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇതിനായി 36,725 കുടുംബങ്ങളെ കണ്ടെത്തുന്നതിനായാണ് സൂപ്പർ പരിശോധന നടത്തുന്നത്.

ഈ ലിസ്റ്റിൽ ഇടപിടിക്കാതെ പോകുന്ന അർഹരായ അപേക്ഷകർക്ക് വേണ്ടി ബ്‌ളോക്ക് തലത്തിലും ജില്ലാതലത്തിലും ആക്ഷേപങ്ങൾ സ്വീകരിക്കും. ഇതിന് ശേഷം തയ്യാറാക്കുന്ന പട്ടികയ്ക്ക് ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷം പഞ്ചായത്ത് സമിതികൾ അന്തിമ പട്ടികയാക്കും. തുടർന്ന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോട്ടീസ് ബോർഡിൽ അന്തിമ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം.

നടപടികൾ വേഗത്തിലാക്കും

 കരട് പട്ടിക ജൂൺ 10ന്

 അന്തിമ പട്ടിക ആഗസ്റ്റ് 16ന്

 അപ്പീൽ ബ്ളോക്ക്, ജില്ലാ തലത്തിൽ

അപ്പീലിൽ ഹാജരാക്കേണ്ട രേഖകൾ

റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സാക്ഷ്യപത്രം, ഭൂമിയുടെ കരം അടച്ച രസീത്, മുൻഗണന ലഭിക്കുന്നതിനായി സമർപ്പിച്ച രേഖകൾ, ഭൂമിയില്ലാത്തവർ അതുസംബന്ധിച്ച് നൽകുന്ന സാക്ഷ്യപത്രം തുടങ്ങിയവയുടെ അസൽ

# ഗുണഭോക്തൃപട്ടിക

പദ്ധതിയിലെ ഒന്നും രണ്ടും ഘട്ടത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയിൽ ജില്ലയിൽ ഇതുവരെ 13,788 പേർ ഭവന നിർമ്മാണം പൂർത്തികരിച്ചു. 1400 വീടുകളടെ നിർമ്മാണം പുരോഗമിക്കുന്നു. പദ്ധതി അനുസരിച്ച് ഭൂമി വാങ്ങുന്നതിന് 2ലക്ഷം രൂപയും 600ചതുരശ്ര അടിയ്ക്ക് താഴെയുള്ള വീട് നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപയുമാണ് ലൈഫ് മിഷൻ നൽകുന്നത്.

ലഭിച്ച അപേക്ഷകൾ

ആകെ: 62,481

പ്രാഥമിക പരിശോധനയിലെ അർഹർ: 37,735

ഭൂമിയുള്ള ഭവനരഹിതർ: 27,823

ഭൂരഹിതരായ ഭവനരഹിതർ: 9,912

ഒന്ന്, രണ്ട് ഘട്ടം

നിർമ്മാണം പൂർത്തികരിച്ച വീടുകൾ......... 13,788

നിർമ്മാണം പുരോഗമിക്കുന്ന വീടുകൾ.....1,400

ബ്ളോക്ക്, ജില്ലതലത്തിൽ അപ്പീൽ സ്വീകരിച്ച ശേഷം ആഗസ്റ്റ് 16ന് അന്തിമ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

-പ്രദീപ്കുമാർ, ജില്ലാ കോ ഓർഡിനേറ്റർ, ലൈഫ് മിഷൻ

Advertisement
Advertisement