വിദ്വേഷമുദ്രാവാക്യം വിളിച്ച കുട്ടി തോപ്പുംപടി സ്വദേശിയെന്ന് തിരിച്ചറിഞ്ഞു; പൊലീസ് സ്ഥലത്തെത്തി

Wednesday 25 May 2022 11:30 PM IST

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മതവിദ്വേഷം നിറഞ്ഞ മുദ്രാവാക്യം വിളിച്ച ആൺകുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടെത്താൻ പൊലീസ് തോപ്പുംപടിയിലെത്തി അന്വേഷണം ആരംഭിച്ചു.

മതവിദ്വേഷ മുദ്രാവാക്യം കുട്ടി വിളിക്കുന്നതും അത് മറ്റുള‌ളവർ ഏറ്റുവിളിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്ന് പരിപാടിയുടെ സംഘാടകർക്കും കുട്ടിയെ പരിപാടിയിൽ കൊണ്ടുവന്നവർക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു. പരിപാടി സംഘടനാ ചുമതലയുള‌ള പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ നവാസ്, കുട്ടിയെ തലയിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിൽ അൻസാറിന് കുട്ടിയെ അറിയില്ല എന്നാണ് മൊഴി നൽകിയിരിക്കുന്നത്.

പ്രകടനത്തിനിടെ കുട്ടിയോട് കൗതുകം തോന്നിയതുകൊണ്ട് മാത്രമാണ് തലയിലേറ്റിയത് എന്നാണ് അൻസാറിന്റെ മൊഴി. മുദ്രാവാക്യം വിളിക്കുന്ന വീഡിയോയിലുള‌ളത് യഥാർത്ഥ ദൃശ്യങ്ങളാണെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിലുള്ളത്.

മുദ്രാവാക്യം വിളിച്ച കുട്ടിയേയും മാതാപിതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു. കുട്ടി വിളിച്ചത് സംഘടന നൽകിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലർ ഫ്രണ്ട് നൽകുന്ന വിശദീകരണം.