വിദ്വേഷപ്രചാരണത്തിനെതിരെ കർശനനടപടിയുമായി പൊലീസ്:  'വേണ്ട,​ അക്കളി തീക്കളി "  

Wednesday 25 May 2022 11:44 PM IST

രണ്ടുപേർക്കെതിരെ കേസ്, ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു


കണ്ണൂർ: സമൂഹമാദ്ധ്യമം വഴിയുള്ള വിദ്വേഷ പ്രചരണത്തിനെതിരെ ജില്ലയിൽ നടപടി ശക്തമാക്കി പൊലീസ്. ഇതരമതവിദ്വേഷവും സ്പർദ്ധയുമുണ്ടാക്കുന്ന വിധത്തിൽ സോഷ്യൽമീഡിയയിൽ പോസ്റ്റുകളിടുന്നവർക്കെതിരെയാണ് സൈബർവിംഗിന്റെ സഹായത്തോടെ ജില്ലാ പൊലീസ് നടപടി തുടങ്ങിയത്. ജില്ലയിലെ മുഴുവൻ സ്‌റ്റേഷനുകളിലേക്കും ജാഗ്രതാസന്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെയാണ് നിരീക്ഷണം കർശനമാക്കിയിട്ടുള്ളത്.
ഇത്തരം വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെയും പോസ്റ്റുകളിടുന്നവരെയും ഷെയർചെയ്യുന്നവരെയും ഉടൻ അറസ്റ്റു ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം.ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഗ്രൂപ്പുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. വിദ്വേഷ പ്രചരണം നടത്തിയ 11 പേരെ അറസ്റ്റു ചെയ്തതോടെ സോഷ്യൽമീഡിയയിലൂടെയുള്ള വിദ്വേഷം ചൊരിയൽ അല്പം അടങ്ങിയിരുന്നു. എന്നാൽ ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് നടത്തിയ ജനമഹാസംഗമത്തിൽ ഒരു കുട്ടിമുഴക്കിയ മുദ്രാവാക്യം പ്രകോപനമായതോടെയാണ് അനുകൂലിച്ചും പലതരം പോസ്റ്റുകളും വീഡിയോയയും വീണ്ടും പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. തുടർന്ന് ജില്ലാ പൊലീസ്‌ മേധാവി ആർ. ഇളങ്കയോടെ നിർദ്ദേശ പ്രകാരം സൈബർ പൊലിസ് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങുകയായിരുന്നു.

ലിസ്റ്റിലായി നിരവധി പേർ

ആലപ്പുഴയിലെ പോപ്പുലർഫ്രണ്ട് പ്രകടനത്തിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിടുകയും ഇതര മത വിദ്വേഷം നടത്തുകയും ചെയ്തതിന് കണ്ണൂർ സ്വദേശികളായ എം.ലമീർ, ആരിഫ് എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. കൂടുതൽ നിയമനടപടികളുടെ ഭാഗമായി ഇരുവരുടേയും ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ വിദ്വേഷ പ്രചരണം നടത്തിയെന്ന് കണ്ടെത്തിയ നിരവധി പേരുടെ ലിസ്റ്റ് പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. വരും ദിനങ്ങളിൽ ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം.

നടപടികൾ ഇങ്ങനെ

വിദ്വേഷസന്ദേശം പ്രചരിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരെ അറസ്റ്റുചെയ്യും

വിദ്വേഷ പോസ്റ്റുകളിടുന്നവരെയും ഷെയർചെയ്യുന്നവരെയും അകത്താക്കും

മുഴുവൻ സ്‌റ്റേഷനുകൾക്കും ജാഗ്രതാ നിർദ്ദേശം

Advertisement
Advertisement