പ്രതികൾ ലക്ഷ്യമിട്ടത് മതവികാരങ്ങൾ ആളിക്കത്തിക്കാൻ, മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാൻ ശ്രമിച്ചു; മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകിയെന്ന് പൊലീസ്

Thursday 26 May 2022 10:09 AM IST

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാക്കിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസ്, പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് യാക്കൂബ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മതവികാരങ്ങൾ ആളിക്കത്തിക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനായി കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു.

മുദ്രാവാക്യം വിളിക്കാൻ കുട്ടിക്ക് പരിശീലനം നൽകി. മുസ്ലിം ജനങ്ങളെ ഇളക്കിവിടാന്‍ പ്രതികൾ ശ്രമിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ട്. മുദ്രാവാക്യം വിളിച്ച കുട്ടി എറണാകുളം തോപ്പുംപടി സ്വദേശിയാണെന്നാണ് സൂചന. സമാനരീതിയിൽ മുൻപും പ്രതിഷേധപരിപാടികളിൽ പങ്കെടുത്തതായി പറയപ്പെടുന്നു. ഇതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.