മമ്മൂട്ടി ഒരു രാജമാണിക്യം, ലോകത്തിലെ ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒന്ന്; മമ്മൂട്ടിയുടെ റേഞ്ച് ഹോളിവുഡ് താരങ്ങൾക്കും മുകളിൽ

Thursday 26 May 2022 10:11 AM IST

നേരം, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് അൽഫോൺസ് പുത്രൻ. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ഗോൾഡ് എന്ന ചിത്രമാണ് അൽഫോൺസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിയെ പ്രശംസിച്ച് കൊണ്ട് അൽഫോൺസ് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വിലയുള്ള രത്നങ്ങളിൽ ഒരാളാണ് മമ്മൂട്ടിയെന്നാണ് അൽഫോൺസ് പുത്രൻ പറഞ്ഞത്.

ഭീഷ്മ പര്‍വം എന്ന സിനിമയെക്കുറിച്ച് അല്‍ഫോണ്‍സ് എഴുതിയ ഒരു കുറിപ്പിന് ഒരു മമ്മൂട്ടി ആരാധകന്‍ പ്രതികരണവുമായി എത്തിയിരുന്നു. ഇതിനുള്ള സംവിധായകന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി എന്നും ഓരോ സിനിമയിലും കഥാപാത്രത്തിന് ആത്മാവ് നല്‍കുന്ന അത്യപൂര്‍വ നടനാണ് അദ്ദേഹമെന്നും ആരാധകൻ കുറിച്ചു. താരപരിവേഷം ഒട്ടുമില്ലാത്ത അത്ഭുത മനുഷ്യനെന്നും മഹാനായ മമ്മൂട്ടി സാറിനോട് ഒരുപാട് ബഹുമാനവും സ്നേഹവുമുണ്ടെന്നും ആരാധകന്‍ പ്രതികരിച്ചു.

വളരെ സത്യമായ വാക്കുകളെന്നാണ് ഇതിനുള്ള മറുപടിയായി അൽഫോൺസ് കുറിച്ചത്. ' ക്ലിന്റ് ഈസ്റ്റ് വുഡിനേക്കാളും റോബര്‍ട്ട് ഡി നീറോയേക്കാളും അല്‍ പാച്ചിനോയേക്കാളും കൂടുതല്‍ റേഞ്ച് മമ്മൂട്ടിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെയും ഏറ്റവും വിലയേറിയ രത്നങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നെ സംബന്ധിച്ച് ഒരു രാജമാണിക്യം തന്നെ' - അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.