ടിക് ടോക് താരത്തെ ഭീകരർ വെടിവച്ചുകൊന്നു; കാശ്‌മീരിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണം

Thursday 26 May 2022 10:45 AM IST

ശ്രീനഗർ: ടിക് ടോക് താരത്തെ ഭീകരർ വെടിവച്ചുകൊന്നു. ജമ്മു കാശ്‌‌മീരിലെ ബുദ്‌ഗാം ജില്ലയിൽ ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. പ്രശസ്ത ടിക് ടോക് ടെലിവിഷൻ താരം അമ്രീൻ ഭട്ട് (35) ആണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ലഷ്‌കർ- ഇ- ത്വയിബ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

അമ്രീൻ ഭട്ടിനെ വീട്ടിൽവച്ചാണ് കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഇവരുടെ പത്തുവയസുകാരനായ അനന്തരവൻ ഫർഹാൻ സുബൈറിനും ഗുരുതരമായി പരിക്കേറ്റു. അമ്രീനിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജമ്മു കാശ്‌മീരിൽ ഈ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ചൊവ്വാഴ്ച മകളെ ട്യൂഷന് കൊണ്ടുവിടാൻ പോയ പൊലീസുകാരൻ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചിരുന്നു. സൈഫുള്ള ഖ്വാദ്രിയാണ് ശ്രീനഗറിൽ കൊല്ലപ്പെട്ടത്. ആക്രണത്തിൽ സൈഫുള്ളയുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.