കരിപ്പൂർ  സ്വർണക്കടത്ത്; പിടിയിലായ വിമാന ജീവനക്കാരൻ ആറ് തവണയായി കടത്തിയത് നാലരക്കോടിയുടെ സ്വർണം

Thursday 26 May 2022 4:15 PM IST

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യാ കാബിൻ ക്രൂ പ്രതിയായ സ്വർണക്കടത്ത് കേസിൽ നിർണായക മൊഴി പുറത്ത്. ആറ് തവണ സ്വർണം കടത്തിയെന്നാണ് മൊഴി. നാലരക്കോടി രൂപയോളം വിലവരുന്ന എട്ടര കിലോ സ്വർണമാണ് കടത്തിയത്.

കഴിഞ്ഞ ദിവസമാണ് കാബിൻ ക്രൂവായ നവനീത് സിംഗിനെ(28) കസ്റ്റഡിയിലെടുത്തത്. 1399 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഡൽഹി സ്വദേശി നവനീതിന്റെ ഷൂസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിതം . ഇതിൽ നിന്ന് 1226 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. 63.56 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്സൈസ് കാബിൻ ക്രൂവാണ് നവനീത്. എയർ ഇന്ത്യ കസ്റ്റംസ് ഇന്റലിജൻസാണ് ഇയാളെ പിടികൂടിയത്. ദുബായിൽ നിന്നാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ചോദ്യം ചെയ്യലിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ പുറത്തു വന്നത്.