വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന ആവശ്യവുമായി നടി ഹൈക്കോടതിയിൽ

Thursday 26 May 2022 4:52 PM IST

കൊച്ചി: ബലാത്സംഗക്കേസിൽ വിജയ് ബാബുവിന് ജാമ്യം നൽകരുതെന്ന ആവശ്യവുമായി നടി ഹെെക്കോടതിയിൽ. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും നടി കോടതിയോട് ആവശ്യപ്പെട്ടു. വിജയ് ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

വിജയ് ബാബു ആദ്യം കേരളത്തിൽ എത്തട്ടെയെന്ന് കോടതി അറിയിച്ചു. ഈ മാസം 30 ന് കേരളത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ വിജയ് ബാബുവിന്റെ മുൻകൂർ‍ ജാമ്യ ഹർജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.

നിയമത്തിന് മുന്നിൽ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബുവെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിജയ് ബാബു തിരിച്ചെത്തുന്നത് വരെ ഇടക്കാല ജാമ്യം നൽകിക്കൂടെയെന്ന് കോടതി വാക്കാൽ ചോദിച്ചെങ്കിലും പ്രോസിക്യൂഷൻ എതിർത്തു.

അതേസമയം, നടിയുമായുളള ചാറ്റുകളുടെ പകർപ്പുകൾ വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും വിജയ് ബാബു പറയുന്നു. സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി നടി രംഗത്തെത്തിയതെന്നും വിജയ് ബാബു വ്യക്തമാക്കിയിട്ടുണ്ട്.