തെലങ്കാനയിൽ യോഗിയെ അഭിനന്ദിച്ചും റാവുവിനെ പരിഹസിച്ചും മോദി; താൻ വിശ്വസിക്കുന്നത് ശാസ്ത്രത്തിൽ, അന്ധവിശ്വാസികൾ വികസനത്തിനായി ഒന്നും ചെയ്യില്ല

Thursday 26 May 2022 5:14 PM IST

ഹൈദരാബാദ്: താൻ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമാണ് വിശ്വസിക്കുന്നതെന്നും അന്ധവിശ്വാസികൾക്ക് വികസനത്തിന് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിൽ നടന്ന ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന്റെ 20ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ ചടങ്ങിൽ പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ചന്ദ്രശേഖർ റാവുവിനെ നയിക്കുന്നത് അന്ധവിശ്വാസമാണെന്നും ഇത്തരം അന്ധവിശ്വാസികളിൽ നിന്നും തെലങ്കാനയെ രക്ഷിക്കുമെന്നും മോദി പറഞ്ഞു. സന്യാസിയായിരുന്നിട്ടുകൂടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്ധവിശ്വാസിയല്ലെന്നും മോദി അഭിനന്ദിച്ചു.

മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തയുടൻ വാസ്‌തുവിന്റെ പേര് പറഞ്ഞ് ചന്ദ്രശേഖർ റാവു വീട് മാറി. 50 കോടി രൂപയാണ് ഇതിനുവേണ്ടി ചെലവാക്കിയത്. അഞ്ച് നിലകളുള്ള ഏറ്റവും വലിയ ക്യാമ്പ് ഓഫീസാണ് ബീഗംപേട്ടിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ചതെന്നും ഭരിക്കുന്നയാൾ മറ്റുള്ളവരേക്കാൾ ഉയരത്തിലായിരിക്കണമെന്ന വിശ്വാസത്തിന്റെ പേരിലായിരുന്നു വീട് മാറ്റമെന്നും മോദി ആരോപിച്ചു.

സംഖ്യാജ്യോതിഷപ്രകാരവും ആറ് എന്ന അക്കത്തോടുള്ള പ്രിയംകൊണ്ടും 2018 സെപ്തംബർ ആറിന് നിയമസഭ പിരിച്ചുവിടാൻ ചന്ദ്രശേഖർ റാവു നിർദേശിച്ചു. 2014ൽ തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 12.57ന് സത്യപ്രതിജ്ഞയെടുത്തയാളാണ് അദ്ദേഹമെന്നും മോദി പരിഹസിച്ചു.

Advertisement
Advertisement