പി സി ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസ്,​ വർഗീയ ആക്രമണം നടത്താമെന്ന് സംഘപരിവാർ വിചാരിച്ചാൽ ശക്‌തമായ നടപടിയെന്ന് മുഖ്യമന്ത്രി

Thursday 26 May 2022 7:30 PM IST

കൊച്ചി : പി.സി. ജോർജിന്റെ അറസ്റ്റ് സംഘപരിവാർ ശക്തികൾക്കുള്ള ഫസ്റ്റ് ഡോസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നുവെന്നും അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആട്ടിൻതോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബി.ജെ.പി. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുതെന്നും പിണറായി വിജയൻ പറ‌ഞ്ഞു.

തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് സ്വീകാര്യത വർദ്ധിച്ചുവരുന്നത് കാണുമ്പോൾ യു.ഡി.എഫ് അങ്കലാപ്പിലായിട്ടുണ്ട്. തൃക്കാക്കരയിൽ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണ് യു.ഡി.എഫെന്നും അദ്ദേഹം ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിന്റെ തകർച്ചയായിരിക്കും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.