വേതനമില്ലാതെ ആശാവർക്കർമാർ

Friday 27 May 2022 5:43 AM IST

വർക്കല: പൊതുജനാരോഗ്യ സുരക്ഷയ്ക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെ ഓണറേറിയം മുടങ്ങിയിട്ട് 2 മാസമായതായി പരാതി. മാർച്ച്, ഏപ്രിൽ മാസത്തെ ഓണറേറിയമാണ് മുടങ്ങിയത്. കൂടാതെ ഏപ്രിൽ മാസത്തെ ഇൻസെന്റിവും ഇതുവരെ വിതരണം ചെയ്തിട്ടില്ല.

തുച്ഛമായി ലഭിക്കുന്ന വേതനം കൃത്യമായി ലഭിക്കാറില്ലെന്നാണ് പൊതുവെയുള്ള പരാതി. കടംവാങ്ങിയും മറ്റും, ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഇക്കൂട്ടർക്ക് കുടിശ്ശിക വേതനം ഒരുമിച്ച് നൽകാറുമില്ല. പ്രത്യേക ജോലികൾക്കുള്ള തുച്ഛമായ ഇൻസെന്റിവ് ഒഴിച്ചാൽ മറ്റ് ആനുകൂല്യങ്ങളുമില്ല.

വീട്ടിൽ കഴിയുന്ന രോഗികൾക്ക് മരുന്ന് എത്തിക്കുക, വിവരശേഖരണം, റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങി ആശുപത്രികളിലെ പ്രത്യേക ഡ്യൂട്ടി, കൊവിഡ് പ്രതിരോധം ഉൾപ്പെടെ വീടുകൾ കയറിയിറങ്ങി സർക്കാരിന്റെ പൊതുജനാരോഗ്യ പ്രതിരോധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, 30 വയസിന് മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങൾ സംബന്ധിച്ച വിവരശേഖരണം നടത്തുന്നത് ഉൾപ്പെടെ വിവിധ ജോലികളാണ് ആശാവർക്കർമാർ ചെയ്യുന്നത്. നിലവിൽ ഒരു തദ്ദേശ വാർഡിന് ഒരു ആശാവർക്കർ എന്ന തരത്തിലാണ് ഇവരുടെ പ്രവർത്തനം.

ആശാവർക്കർമാരുടെ സേവന പ്രവർത്തനങ്ങൾ കണക്കിലെടുത്ത് വിവിധ സാംസ്കാരിക സംഘടനകളും, മാദ്ധ്യമ സ്ഥാപനങ്ങളും ആദരിക്കുന്നത് ഒഴിച്ചാൽ ഇവർക്ക് മതിയായ അംഗീകാരം സർക്കാർ തലത്തിൽ നിന്ന് ഉണ്ടാവുന്നതുമില്ല.

Advertisement
Advertisement