വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Friday 27 May 2022 12:00 AM IST

കൊച്ചി: ഇടക്കാല മുൻകൂർ ജാമ്യം നൽകുന്നതു സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി. മുൻകൂർ ജാമ്യം നൽകുന്നതിനെ എതിർത്ത് നടിയും ഹർജിയിൽ കക്ഷിചേർന്നിട്ടുണ്ട്.

ദുബായിലുള്ള വിജയ് ബാബു നാട്ടിൽ മടങ്ങിയെത്തിയശേഷം ഹർജി പരിഗണിക്കാമെന്ന് ഇന്നലെ ജസ്റ്റിസ് എൻ. ഗോപിനാഥ് വ്യക്തമാക്കിയെങ്കിലും, എയർപോർട്ടിലിറങ്ങുമ്പോൾ തന്നെ അറസ്റ്റ് നടക്കുമെന്ന് വിജയ്‌യുടെ അഭിഭാഷകൻ മറുപടി നൽകി. ഇടക്കാല മുൻകൂർ ജാമ്യം നൽകി അറസ്റ്റ് ഒഴിവാക്കാമെന്നും രണ്ടു ദിവസത്തിനുള്ളിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞെങ്കിലും സർക്കാരിനു വേണ്ടി ഹാജരായ അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഇതിനോടു യോജിച്ചില്ല.

വിദേശത്തേക്ക് കടന്ന പ്രതി കോടതിയെ സമ്മർദ്ദത്തിലാക്കി സ്വയം വ്യവസ്ഥകൾ നിശ്ചയിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. വിദേശത്തുള്ള പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാൻ നിയമപരമായി തടസമുള്ളതിനാലാണ് ഇങ്ങനൊരു നിർദ്ദേശം നൽകിയതെന്നും നാട്ടിലെത്തിയശേഷം തുടർനടപടി സ്വീകരിക്കുകയല്ലേ ഉചിതമെന്നും കോടതി ചോദിച്ചു. പ്രതി 30ന് മടങ്ങിയെത്തിയില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു.

Advertisement
Advertisement