ഒാമല്ലൂരിലും ചെന്നീർക്കരയിലും നൈറ്റിയിട്ട മോഷ്ടാക്കൾ ; ഭീതിയോടെ ജനം
ഓമല്ലൂർ : ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ മോഷ്ടാക്കളുടെ ശല്യമേറുന്നു. മഞ്ഞിനിക്കര പേഴുംമൂട് ജംഗ്ഷനു സമീപം പാരിപ്പള്ളിൽ വീട്ടിൽ 71 വയസ്സുള്ള മീനാക്ഷിയമ്മയുടെ കഴുത്തിൽ നിന്ന് ഒന്നേകാൽ പവൻ വരുന്ന മാല പൊട്ടിച്ചു കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ മുറ്റത്ത് ശബ്ദം കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് മാല പൊട്ടിച്ചത്. സ്ത്രീകൾ ധരിക്കുന്ന നൈറ്റി ഇട്ടുകൊണ്ടാണ് മോഷ്ടാക്കൾ വന്നതെന്നും ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും മീനാക്ഷിയമ്മ പറഞ്ഞു. ബഹളംവച്ചപ്പോൾ കഴുത്തിൽ പിടിച്ചു തള്ളിയിട്ട് മോഷ്ടാക്കൾ കടന്നുകളഞ്ഞു. മീനാക്ഷിയമ്മയുടെ കഴുത്തിൽ നഖം കൊണ്ട് മുറിവ് പറ്റിയിട്ടുണ്ട്.
അന്നുതന്നെ സമീപപ്രദേശമായ പാരിപ്പള്ളിൽ ശ്രീജിത്ത്, ശിവാനന്ദൻ എന്നിവരുടെ ഉൾപ്പെടെ എട്ടോളം വീടുകളിൽ മോഷണശ്രമം നടന്നതായി നാട്ടുകാർ പറയുന്നു. നിരവധി വീടുകൾ അടുത്തടുത്തായി ഉള്ള പ്രദേശത്താണ് മോഷണം നടന്നത്. വീടുകളിലെല്ലാം പുറത്തെ ലൈറ്റുകൾ ഉണ്ടായിരുന്നിട്ടും മോഷ്ടാക്കൾ വന്നതിലുള്ള ഭയപ്പാടിലാണ് നാട്ടുകാർ.
വിവരമറിയിച്ചതിനെ തുടർന്ന് രണ്ടരയോടെ പത്തനംതിട്ട, ഇലവുംതിട്ട സ്റ്റേഷനുകളിൽ നിന്ന് പൊലീസെത്തി നാട്ടുകാർക്കൊപ്പം രാവിലെ വരെ വിശദമായ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോഷണം നടന്ന വീടിന്റെ പരിസരത്ത് ഒരു നൈറ്റി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധർ സ്ഥലം പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല.
സി.സി.ടി.വി കാമറ ഇല്ലാത്ത വീടുകളിലാണ് മോഷണശ്രമങ്ങൾ നടന്നിട്ടുള്ളത്. സമാന രീതിയിൽ ചെന്നീർക്കര പഞ്ചായത്തിൽ മാത്തൂർ ഭാഗത്തും മോഷണശ്രമങ്ങൾ നടന്നു. രാത്രികാലങ്ങളിൽ മുറ്റത്തെ പൈപ്പ് തുറന്നിടുകയും ശബ്ദം കേൾപ്പിക്കുകയും ചെയ്യുമ്പോൾ പുറത്തിറങ്ങുന്ന സമയത്താണ് മോഷണ ശ്രമങ്ങൾ അരങ്ങേറുന്നത്. പൊലീസ് പട്രോളിംഗ് ശക്തമാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.