ഈ യാത്ര മൂക്കുപൊത്തി
ചന്തപ്പുര - കോട്ടപ്പുറം സർവീസ് റോഡിൽ മാലിന്യ കൂമ്പാരം
കൊടുങ്ങല്ലൂർ: കോട്ടപ്പുറം - ചന്തപ്പുര ബൈപാസിലെ കിഴക്കേ സർവീസ് റോഡിൽ മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. സർവീസ് റോഡിൽ ആൾതാമസമില്ലാത്ത ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധർ വഴി നീളം മാലിന്യം കൊണ്ടിടുകയാണ്. പാഴായ ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ പാസ്റ്റിക്ക് കവറിലും ചാക്കുകളിലും നിറച്ച് വാഹനങ്ങളിൽ കൊണ്ടുവന്നാണ് തുള്ളുന്നത്. നേരം പുലരുന്നതോടെ തെരുവുനായ്ക്കളും പക്ഷികളും മാലിന്യം കൊത്തിവലിച്ച് റോഡിലേക്ക് വ്യാപിപ്പിക്കും.
ഇത്തരം മാലിന്യത്തിൽ വാഹനങ്ങൾ കയറി ഇറങ്ങുകയും മഴയിൽ നന്നഞ്ഞ് കുതിർന്ന് കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു. പ്രഭാത സവാരിക്ക് ഇറങ്ങുന്ന പലർക്കും ഇപ്പോൾ ഇതുവഴി പോകാൻ കഴിയുന്നില്ല. നേരത്തെ ഗൗരിശങ്കർ സിഗ്‌നലിനും പടാകുളം സിഗ്‌നലിനു മദ്ധ്യത്തിലുള്ള സർവീസ് റോഡിലായിരുന്നു മാലിന്യം തള്ളിയിരുന്നത്. എന്നാൽ ഈ ഭാഗത്ത് പ്രവർത്തനം ആരംഭിച്ച ഒരു കച്ചവട സ്ഥാപനത്തിൽ നിരീക്ഷണ കാമറ സ്ഥാപിച്ച് ഇത്തരക്കാരെ അധികൃതർ പിടികൂടിയതോടെ ഇവിടെ മാലിന്യം തള്ളുന്നത് അവസാനിച്ചു.
ഇവിടെ മാലിന്യം തള്ളിയവർ തന്നെയാണ് സർവീസ് റോഡിലെ മറ്റിടങ്ങളിലും മാലിന്യം വലിച്ചെറിയുന്നതെന്ന് പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഈ ഭാഗത്ത് കക്കൂസ് മാലിന്യം തള്ളിയെന്നും നാട്ടുകാർ പറയുന്നു. ബൈപാസിൽ സ്ട്രീറ്റ് ലൈറ്റും നിരീക്ഷണ കാമറയും ഇല്ലാത്താതാണ് സമൂഹ്യ വിരുദ്ധർക്ക് തുണയാകുന്നത്.
കൊടുങ്ങല്ലൂർ ബൈപാസിലെ ടി.കെ.എസ് പുരം സർവീസ് റോഡിൽ മാലിന്യം നിക്ഷേപിച്ച നിലയിൽ.