അസർബൈജാനിലേക്ക് സോളോ ട്രിപ്പ് പോയ ഇന്ത്യൻ യുവാവിനെ കാണാനില്ല

Friday 27 May 2022 2:44 AM IST

ബാകു : അസർബൈജാനിലേക്ക് സോളോ ട്രിപ്പ് പോയ ഇന്ത്യൻ യുവാവിനെ കാണാനില്ലെന്ന് പരാതി. 28 വയസുള്ള മണികാന്ത് കൊണ്ടവീതിയെന്ന യുവാവിനെ പറ്റി കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വിവരമില്ലെന്ന് കുടുംബം പറയുന്നു. ഏപ്രിൽ 26നാണ് മണികാന്ത് ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചത്. മേയ് 12 മുതൽ യുവാവിനെ വാട്സ്‌ആപ്പിൽ ബന്ധപ്പെടാനാകുന്നില്ലെന്നും സഹോദരൻ ധരൺ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പിൽ പറയുന്നു.

അസർബൈജാനിലെ ഇന്ത്യൻ എംബസി നടത്തിയ തിരച്ചിലിൽ മണികാന്തിന്റെ ലഗേജ് ഹോട്ടലിൽ കണ്ടെത്തിയിരുന്നു. സഗാതാല മലനിരകൾക്ക് സമീപം ഇയാൾ താമസിച്ചിരുന്ന ഒരു ചെറിയ ഹട്ട് ഗൂഗിൾ അക്കൗണ്ടിലെ ലൊക്കേഷൻ വിവരങ്ങൾ ശേഖരിച്ചതിലൂടെ കണ്ടെത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രധാനമന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടുണ്ടെന്നും മണികാന്തിനെ കണ്ടെത്താൻ സഹായിക്കണമെന്നും ധരൺ സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു.