ഫുട്ബോൾ കളിക്കാൻ കൂട്ടുകാർക്കൊപ്പം പോയ കുട്ടി പുഴയിൽ മുങ്ങിമരിച്ചു, വിവരം പുറത്തറിഞ്ഞത് കൂടെയുള‌ള കുട്ടികളെ ചോദ്യം ചെയ്‌തപ്പോൾ

Friday 27 May 2022 11:23 AM IST

കൊച്ചി: ഫുട്ബോൾ കളിക്കാൻ കൂട്ടുകാർക്കൊപ്പം പോയ കുട്ടി മുങ്ങിമരിച്ചതായി വിവരം. ഏലൂർ കണപ്പിള‌ളി കരിപ്പൂ‌‌ർ വീട്ടിൽ പരേതനായ സെബാസ്‌റ്റ്യന്റെ മകൻ എബിൻ സെബാസ്‌റ്റ്യൻ(15) ആണ് പെരിയാറിൽ മുങ്ങിമരിച്ചത്. കുട്ടി മടങ്ങിവരാത്തതിനാൽ അമ്മ നൽകിയ പരാതിയിൽ സിഐ നടത്തിയ അന്വേഷണത്തിലാണ് കുട്ടി മുങ്ങിമരിച്ചതാണെന്ന് സുഹൃത്തുക്കൾ അറിയിച്ചത്.

വ്യാഴാഴ്‌ച മൂന്ന് മണിയോടെയാണ് എബിൻ ഫുട്ബോൾ കളിക്കാൻ പോയത്. സന്ധ്യയായിട്ടും കുട്ടി മടങ്ങിവരാതായതോടെ മാതാവ് ശ്രുതി കൂട്ടുകാരായ കുട്ടികളോട് അന്വേഷിച്ചു. എന്നാൽ ഇവരാരും അറിയില്ല എന്ന മറുപടിയാണ് നൽകിയത്. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. ഇതോടെ കുട്ടികളെ ചോദ്യം ചെയ്‌തപ്പോൾ കളി കഴിഞ്ഞശേഷം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആഴം കൂടിയ ഭാഗത്ത് എബിൻ അകപ്പെട്ടതായും ഒരു കുട്ടി എബിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നും അറിയിച്ചു. തുടർന്ന് വിവരം പുറത്ത് പറയേണ്ട എന്ന് തീരുമാനിച്ച് കുട്ടികൾ മടങ്ങി.

പുഴയിൽ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ വെള‌ളിയാഴ്‌ച രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള‌ളി സെന്റ് ജോർജ് സ്‌കൂൾ വിദ്യാർത്ഥിയാണ് എബിൻ. ഏയ്ഞ്ചൽ സഹോദരിയാണ്.