ഏറെ ജനപ്രീതി നേടിയ ഹോമിന് ഒരു വിഭാഗത്തിലും പരാമർശമില്ല, അംഗീകാരവും; കാരണം വിജയ് ബാബുവിന്റെ പീഡനകേസോ?

Friday 27 May 2022 4:59 PM IST

2021ൽ പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ പ്രേക്ഷക പ്രശംസ ഏറെ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ഹോം. സാധാരണ ജീവിതവുമായി ഏറെ സാമ്യമുള്ള ചിത്രം ഇന്ദ്രൻസ് എന്ന നടന്റെ അഭിനയപാടവം പ്രേക്ഷകരിലേക്ക് എത്തിച്ച ചിത്രം കൂടിയായിരുന്നു. താരത്തിന്റെ പ്രകടനത്തിന് ചലച്ചിത്ര പുരസ്കാരം ലഭിക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ 52ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചതിൽ ഹോമിനെ ഒരു വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിന് കാരണം ചിത്രത്തിന്റെ നിർമാതാവായ വിജയ് ബാബുവാണെന്ന് പരക്കെ അഭിപ്രായം ഉയരുകയാണ്.

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ കുറ്റാരോപിതനാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. കേസുമായി ബന്ധപ്പെട്ട ജാമ്യഹർജി നിലനിർത്തിയാൽ തിങ്കളാഴ്ച കൊച്ചിയിൽ തിരിച്ചെത്താമെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

അതേസമയം, ചലച്ചിത്ര അവാ‌ർഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങൾ നൽകിയ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡെന്നും ഇന്ദ്രൻസ് അവാർഡ് പ്രഖ്യാപനത്തിന് മുൻപായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചർച്ചയായിരുന്നു. അവാർഡ് വാങ്ങാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് രാജി എന്നായിരുന്നു അഭിപ്രായങ്ങൾ ഉയർന്നത്. എന്നാൽ പദവിയിലിരുന്നു മര്യാദയ്ക്ക് പ്രവർത്തിക്കാൻ സമയമുണ്ടാകില്ലെന്നും മാത്രമല്ല അഥവാ ഹോമിന് അവാർഡ് ലഭിക്കുകയാണെങ്കിൽ അക്കാദമിയിൽ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാർഡുമായി ബന്ധമില്ലെന്ന് ജനങ്ങൾ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.