പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളിയിൽ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി; സംഭവത്തിൽ 24 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റാലി നടത്തിയ സംഘാടകർക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും അതിനാൽ സംഘാടകർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട കോടതി രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ആരാഞ്ഞു. റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. റാലിയിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം സംഭവത്തിൽ 24 പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ചവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി എന്നതാണ് ഇവർക്കെതിരെയുള്ള കുറ്റം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്.
കേസിൽ മുമ്പ് അറസ്റ്റിലായ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ചാണ് പൊലീസ് കോടതിയിലേക്ക് കൊണ്ടുവന്നത്. ഇതിനെ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വിമർശിച്ചു. മേലിൽ പ്രതികളെ വിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കരുതെന്നും താക്കീത് നൽകി. മാവേലിക്കര സബ് ജയിലിൽ നിന്ന് കോടതിയിലേക്ക് എത്തിച്ച ഇവരെ വിലങ്ങണിയിച്ച കാര്യത്തിൽ ജയിൽ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. ഇവരെ 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
മുദ്രാവാക്യം വിളിച്ച കുട്ടിയെയും പിതാവിനെയും ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കുട്ടിയും കുടുംബവും ഒളിവിലാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവാണ്. അതിനാൽ പിതാവിനെതിരെയും കേസെടുക്കും. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.