പാലിൽ നിന്നൊരു വിജയഗാഥ.

Saturday 28 May 2022 12:00 AM IST

കോട്ടയം. പാലിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വഴി ബിസിനസ് രംഗത്ത് ചുവടുറപ്പിക്കുകയാണ് രാജി ഗിരിലാൽ എന്ന വീട്ടമ്മ. 2018ൽ കുടുംബശ്രീയും കോട്ടയം ഡയറിയും ചേർന്ന് പാലിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ച് നടത്തിയ ഒരു ക്ലാസിൽ പങ്കെടുത്തതാണ് വഴിത്തിരിവായത്. രാജിയും കുടുബശ്രീ യൂണിറ്റിലെ രണ്ട് അംഗങ്ങൾ ചേർന്ന് 2019-ൽ ചെറിയ തോതിൽ പാൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന യൂണിറ്റ് ആരംഭിച്ചു. ഗുലാബ് ജാം,പേഡ തുടങ്ങിയവയാണ് നിർമ്മിച്ചു തുടങ്ങിയത്. സമയക്കുറവ് മൂലം പങ്കാളികൾ ഇടയ്ക്കു നിറുത്തിപ്പോയി. എന്നാൽ, രാജി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. തന്റെ വീടിന്റെ മുകളിൽ മിൽക്കി ലാറ്റെ എന്ന പേരിൽ സ്വന്തമായ സംരംഭത്തിന് തുടക്കമിട്ടു.

കുടുബശ്രീ ജില്ലാ മിഷന്റെ കമ്യൂണിറ്റി ഓറിയന്റേഷൻ ഫണ്ടായി ഒന്നരലക്ഷം രൂപ ചെലവഴിച്ചാണ് ആവശ്യമായ സാമഗ്രികൾ വാങ്ങിയത്. ശുദ്ധമായ പാലുകൊണ്ട് രുചികരമായ ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. കേറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറി, വീടുകൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത്. ഗീ മഫിൻ, കാലാമുജിൻ, കേക്ക്, ദീപാവലി സ്വീറ്റ്‌സ്, ലഡു തുടങ്ങിയവ വിപണിയിൽ എത്തിക്കുന്നുണ്ട്. സഹായത്തിനായി രണ്ടു പേരുണ്ട്. പുതിയതായി ബോർമ്മ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. മറ്റ് മെഷിനറി സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.

രാജി ഗിരിലാൽ പറയുന്നു.

സാധാരണ വീട്ടമ്മയായിരുന്ന എനിക്ക് ഇന്ന് മാസം രണ്ട് ലക്ഷത്തോളം രൂപ വരുമാനമുണ്ട്. നിരവധി ആവശ്യക്കാർ എത്തുന്നു. കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസുണ്ടെങ്കിൽ വിജയം ഉറപ്പാണ്.

Advertisement
Advertisement