വിദ്വേഷ മുദ്രാവാക്യം വിളി; 18 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ,​ സംഘാടകർ എന്ന നിലയിൽ മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയെന്ന് പൊലീസ്

Friday 27 May 2022 10:30 PM IST

ആലപ്പുഴ: റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ 18 പേരെ പൊലീസ് അറസ്റ്റു ചെയ്തു. പരിപാടിയുടെ സംഘാടകരായ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് അറസ്റ്റിലായത്. പ്രതികളെ രാത്രി തന്നെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് രാത്രി തന്നെ പ്രതികളെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി.

കേസിൽ നേരത്തെ അറസ്റ്റിലായ പി.എ. നവാസ്. അൻസാർ എന്നിവരെ ചൊവ്വാഴ്‌ച വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ച് നാളെ ആലപ്പുഴ എസ്.പി ഓഫീസിലേക്ക് പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തും.