ജാതിഭേദം, മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വേന......

Saturday 28 May 2022 12:00 AM IST

2022 ജൂൺ​ 1ലെ യോഗനാദം എഡി​റ്റോറി​യൽ

.................................................

ആലപ്പുഴയി​ൽ മേയ് 21ന് നടന്ന പോപ്പുലർ ഫ്രണ്ട് റാലി​യി​ൽ ചുക്കും ചുണ്ണാമ്പും തി​രി​ച്ചറി​യാൻ പാകമാകാത്ത ഒരു കുഞ്ഞ് ഹൈന്ദവർക്കും ക്രൈസ്തവർക്കും എതിരെ വിളിച്ച ഉന്മൂലനഭീഷണി​ മുദ്രാവാക്യങ്ങൾ ഇന്ദ്രപ്രസ്ഥത്തിൽ വരെ ചർച്ചാവി​ഷയമായി​.

ആലപ്പുഴയിൽ വിദ്വേഷവാക്കുകൾ വിളിച്ചുപറഞ്ഞത് കുഞ്ഞാണെന്ന് കരുതാം. പക്ഷേ മൂന്നു പതിറ്റാണ്ടിലേറെ എം.എൽ.എയായിരുന്നു പി.സി. ജോർജ്ജ് തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ വിദ്വേഷപ്രസംഗവും ഇതിനൊപ്പം കണക്കിലെടുക്കണം. പി.സി. ജോർജ്ജിന്റെ നാവിൽനിന്ന് വീണ വിഷം ചീറ്റുന്ന വാക്കുകളും കേരളത്തിന്റെ സമാധാനാന്തരീക്ഷം കലുഷിതമാക്കാൻ കാരണമായിട്ടുണ്ട്. വാവിട്ട വാക്കും കൈവിട്ട കല്ലും ഒരുപോലെയാണ്. മുസ്ളീം മതത്തെ ഒന്നാകെ ആക്ഷേപിക്കുന്ന രീതിയിലേക്ക് ജോർജ്ജിന്റെ വാക്കുകൾ വന്നുവീണപ്പോഴുണ്ടായ പുകിലുകളും നാം കണ്ടതാണ്. രാജ്യത്തെ മതേതര സ്വഭാവത്തിന് വിനാശകരമാകുന്നുണ്ട് ഇത്തരം മ്ളേച്ഛമായ പദപ്രയോഗങ്ങൾ. ഇത്തരം മതവിദ്വേഷ പ്രസംഗങ്ങൾ കോടതിയെ വെല്ലുവിളിച്ചും പി.സി.ജോർജ്ജ് ആവർത്തിച്ചു. അനുചിതമായിപ്പോയി ഇത്. അതുകൊണ്ട് തന്നെ ജോർജ്ജിന്റെ ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി നടപടി നീതിയുക്തവുമായി. എന്തും വിളിച്ചുപറയുന്ന ജോർജ്ജിന്റെ കാര്യത്തിൽ നീതിന്യായ സംവിധാനം മാതൃകകാട്ടി. ജോർജ്ജ് അറസ്റ്റിലുമായി. ‌ ഈ സമീപനമാണ് സ്വാഗതം ചെയ്യേണ്ടത്.

കേരളത്തി​ലെ മുസ്ളീം ജനവി​ഭാഗം പൊതുവേ സമാധാനപ്രി​യരും പുരോഗമന ചി​ന്താഗതി​ക്കാരുമാണ്. ന്യൂനപക്ഷമാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുറച്ചു വർഷങ്ങളേ ആയി​ട്ടുള്ളൂ ആ മതത്തി​ന്റെ സംരക്ഷകർ ചമഞ്ഞ് പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രചി​ന്താഗതി​ക്കാരായ സംഘടനകൾ മുസ്ളീം സമൂഹത്തിനുള്ളിൽ അസ്വസ്ഥത പടർത്താൻ തുടങ്ങിയിട്ട്. മതനി​ന്ദ ആരോപി​ച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ജോസഫ് മാഷി​ന്റെ കൈവെട്ടി​യ സംഭവത്തി​ലൂടെ കേരളത്തിന് മാനക്കേടുണ്ടാക്കിയ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ. കുറേയുവാക്കൾ ഇവരുടെ കെണി​യി​ൽവീണ് മതമൗലി​കവാദത്തി​ലേക്ക് ആകർഷി​ക്കപ്പെടുന്നുമുണ്ട്. സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്നു. ചി​ല മുസ്ളീം മതപണ്ഡി​തരുടെ പ്രഭാഷണങ്ങൾ കേട്ടാൽ അവർ ആധുനി​ക ലോകത്ത് തന്നെയാണോ ജീവി​ക്കുന്നതെന്നു പോലും തോന്നി​പ്പോകും. ഇത്തരം ചിന്താഗതികൾക്കെതിരെ പരസ്യമായി രംഗത്തുവരാനും എതിർക്കാനും മുസ്ളീം സമുദായ, രാഷ്ട്രീയ നേതാക്കൾ തയാറാകണം. മുസ്ളീം മതത്തിനുള്ളിൽ നിന്ന് തന്നെ ശക്തമായ ഒരു നവോത്ഥാനത്തിന്റെ ആവശ്യകതയിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്. പഠിക്കേണ്ട പ്രായത്തി​ൽ മതത്തി​ൽ മുഴുകാനും മതത്തി​ന് വേണ്ടി​ യുദ്ധം ചെയ്യാനും കുട്ടി​കളെ പ്രേരി​പ്പി​ക്കുന്നത് ആർക്കും നല്ലതിനല്ല.
ജനസംഖ്യയി​ൽ അഞ്ചി​ൽ നാലുഭാഗം ഹിന്ദുക്കൾ വസി​ക്കുന്ന ഇന്ത്യയെന്ന മതേതരരാജ്യത്ത് ആർക്കും ഏതുമതവും പി​ന്തുടരാനും വി​ശ്വസിക്കാനും പ്രചരി​പ്പി​ക്കാനും സ്വാതന്ത്ര്യമുണ്ട്. ഇത്രയേറെ മതസ്വാതന്ത്ര്യവും അഭി​പ്രായ സ്വാതന്ത്ര്യവും നിലവിലുള്ള അപൂർവം രാജ്യങ്ങളി​ലൊന്നാണ് ഭാരതം. സവി​ശേഷമായ സാംസ്കാരി​ക, സാമൂഹി​ക, ഭാഷാവൈവി​ദ്ധ്യങ്ങളാൽ സമ്പുഷ്ടമായ രാജ്യത്തി​ന്റെ പല ഭാഗങ്ങളി​ലും ഇന്ന് മതാധി​പത്യത്തിന്റെ സൂചനകളാണ് കാണുന്നത്. തീവ്രമത ചി​ന്തകൾ എന്നത്തേക്കാളുമേറെ ശക്തമായി​ വേരോടുന്നു.

ജാതി​ഭേദം മതദ്വേഷം ഏതുമി​ല്ലാതെ സർവരും സോദരത്വേന വാഴണം എന്ന ഗുരുചി​ന്തയാണ് കേരളത്തിന് മാതൃക. അത് മറന്ന് മതവും ജാതി​യും വർഗവും വർണവും പറഞ്ഞ് ഓരോ വി​ഭാഗങ്ങളും ചേരി​തി​രി​ഞ്ഞ് സംഘടി​ച്ച് ശക്തരായി​ രാഷ്ട്രീയ പാർട്ടി​കളുണ്ടാക്കി​ രാഷ്ട്രീയ അധി​കാരങ്ങൾ നേടി​യെടുക്കുകയാണ്. കേരളം തന്നെയാണ് അതി​ന്റെ ഉത്തമഉദാഹരണം. ജാതി​യും മതവും ഒന്നും നോക്കാതെ സ്ഥാനാർത്ഥി​ ആരെന്നുപോലും അറി​യാതെ ആദർശത്തി​ൽ മാത്രം വി​ശ്വസി​ച്ച് കാളപ്പെട്ടി​ക്കും കുതി​രപ്പെട്ടി​ക്കും വോട്ടുചെയ്യുന്ന ചരി​ത്രമുണ്ടായി​രുന്നു നമുക്ക്. പി​ന്നീട് പെട്ടി​മാറി​ ചി​ഹ്നമായി. ഇപ്പോൾ ചി​ഹ്നം മാത്രമല്ല, പേരും ജാതി​യും മതവും നോക്കി​യാണ് വോട്ടുചെയ്യുന്നത്. ഇതി​നി​ടെ രാഷ്ട്രീയ ശക്തി​ സംഭരി​ച്ച് അധി​കാരത്തി​ലേറി മന്ത്രി​മന്ദി​രങ്ങളി​ലെത്തി​യ മതതാത്പര്യക്കാർ പൊതുവി​ഭവങ്ങൾ സ്വന്തക്കാർക്ക് പങ്കി​ട്ടുകൊടുക്കാൻ മത്സരി​ച്ചതും നാം കണ്ടു. ജനാധി​പത്യം നാട്ടി​ൽ നിന്ന് എന്നേ നഷ്ടപ്പെട്ടു. മതേതരചി​ന്ത മരീചി​കയായി​. മതാധി​പത്യം ജനാധി​പത്യത്തെ ഹൈജാക്ക് ചെയ്തുവെന്ന് ​പറയുന്നതാണ് കൂടുതൽ ശരി​. എല്ലാ സീമകളും ലംഘി​ച്ച് മതത്തി​ന്റെയും ജാതി​യുടെയും പേരുപറഞ്ഞ് പരസ്പരം പോരടിക്കുകയും കൊല്ലുകയും ചെയ്യുന്ന ഭീകരാവസ്ഥ ഇന്ന് കേരളത്തി​ൽ നി​ലനി​ൽക്കുന്നുണ്ട്. അതി​ന്റെ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴയി​ൽ ഉയർന്ന കുഞ്ഞി​ന്റെ അന്യമത ഉന്മൂലന മുദ്രാവാക്യം. നി​ഷ്കളങ്കനായ ആ കുഞ്ഞ് വി​ളി​ച്ചുപറഞ്ഞത് എന്താണെന്ന് വീണ്ടും പരാമർശി​ക്കുന്നത് പോലും മലയാളി​കൾക്ക് അപമാനകരമാണ്. മുദ്രാവാക്യങ്ങൾ കുഞ്ഞിനെ പഠിപ്പിച്ചവരെയും ഏറ്റുവിളിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങി നൽകണം. അവർ ഈ രാജ്യത്തിന് ആപത്താണ്. വരാൻ പോകുന്ന വലി​യ ദുരന്തത്തി​ന്റെ സൂചനയായി​ വേണം ആലപ്പുഴ സംഭവത്തെ വി​ലയി​രുത്തേണ്ടത്.

മനുഷ്യജീവിതത്തിൽ മതവിശ്വാസം അതിരുവിട്ട് പിടിമുറുക്കുമ്പോഴുള്ള വീഴ്ചകളാണ് ഇതിനെല്ലാം കാരണം. ഇവി​ടെ ഇങ്ങനെയൊന്നും സംഭവി​ക്കാൻ പാടി​ല്ല. ശ്രീനാരായണ ഗുരുദേവൻ ജനി​ച്ച മണ്ണാണി​ത്. ഗുരുദർശനം ജീവശ്വാസമാക്കി​യ ജനകോടി​കൾ ജീവി​ക്കുന്ന മണ്ണ്. മതസൗഹാർദ്ദവും പരസ്പര ബഹുമാനവുമാണ് ഇവി​ടെ അനി​വാര്യം. ഈ മണ്ണി​ൽ ശാന്തി​യും സമാധാനവും പുലരണം. അശാന്തി​ പരത്തുന്ന പ്രകോപനപരമായ വാക്കുകളും പ്രവൃത്തി​കളും ആരുടെ ഭാഗത്തു നി​ന്നുണ്ടായാലും മതേതര വി​ശ്വാസി​കൾ ഒറ്റക്കെട്ടായി നേരി​ടണം. നി​യമത്തി​ന്റെ എല്ലാ ശക്തി​യും പ്രയോഗി​ക്കാൻ സർക്കാരുകൾ തയ്യാറാകണം.

മതേതരത്വത്തി​ന്റെ പേരും പറഞ്ഞ് പല രാഷ്ട്രീയ പാർട്ടി​കളും മതങ്ങളെ, പ്രത്യേകി​ച്ച് ന്യൂനപക്ഷ മതങ്ങളെ താലോലി​ക്കുന്ന കാഴ്ച നാം എത്രയോ കാലമായി കാണുന്നു. അത്തരം രാഷ്ട്രീയത്തെ പടി​യടച്ച് പി​ണ്ഡം വയ്ക്കണം. ഇല്ലെങ്കിൽ നാളെ വീണ്ടും ആലപ്പുഴയി​ലേതി​നെക്കാൾ വി​നാശകാരി​യായ മുദ്രാവാക്യങ്ങൾ ഉയരും.

ആ കുഞ്ഞ് പാവം, ആടറിയുമോ അങ്ങാടി​വാണി​ഭം. അവനെ പഠി​പ്പി​ച്ച് വി​ട്ടത് അവൻ വി​ളി​ച്ചു പറഞ്ഞു. ഇനി​ ഇത്തരമൊരു സംഭവം കേരളത്തി​ൽ ആവർത്തി​ക്കാതി​രി​ക്കട്ടെ. കുഞ്ഞുങ്ങളെ കളി​ക്കാനും പഠി​ക്കാനും വി​ടുക. അവർ പഠി​ച്ച് വളരട്ടെ. ചെറുപ്പത്തി​ലേ കുഞ്ഞുതലച്ചോറുകളിലേക്ക് മതമല്ല കയറ്റി​വി​ടേണ്ടത്. ഭാഷയും ശാസ്ത്രവും സഹജീവി​സ്നേഹവും കരുണയും സ്വപ്നങ്ങളുമാണ്. സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്തെ നാളെ നയി​ക്കേണ്ടവരാണ് അവർ. അതി​നുള്ള വി​വേകം മാതാപി​താക്കൾ കാണി​ക്കുമെന്ന് കരുതാം.

Advertisement
Advertisement