പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
ആത്മഹത്യാശ്രമം ഭാര്യയെ കാണാത്തതിനെച്ചൊല്ലി
ആര്യനാട്: ഭാര്യയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുള്ളിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. പാലോട് പച്ചപാലുവള്ളി തെങ്ങുംകോണം പുത്തൻവീട്ടിൽ ഷൈജുവാണ് (47) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ ആര്യനാട് സ്റ്റേഷനിലായിരുന്നു സംഭവം. പരാതിയുമായി എത്തിയ ശേഷം ഇയാൾ പുറത്തുപോകുകയും ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
സംഭവത്തെപ്പറ്റി ആര്യനാട്
പൊലീസ് പറയുന്നതിങ്ങനെ
പാലോട് പച്ചസ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബർ ടാപ്പിംഗ് തൊഴിലാളിയാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആര്യനാട് പറണ്ടോട് സ്വദേശിയായ ഭാര്യയെ കാണാനില്ലെന്ന് കഴിഞ്ഞ 25ന് ഇയാൾ പുത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം പുത്തൂർ സ്റ്റേഷനിലെത്തിയ ഇയാൾ ഭാര്യയെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയശേഷം സ്റ്റേഷന് പുറത്തേക്ക് പോകുകയും കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് സ്റ്റേഷനിലേക്ക് തള്ളിക്കയറി സിഗരറ്റ് ലാമ്പ് കത്തിച്ച് തീകൊളുത്താൻ ശ്രമിച്ചു.
ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടൽ കാരണം ഇയാൾക്ക് തീകൊളുത്താൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ദിവസം ഇയാളുടെ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തുവച്ച് പൊലീസ് അറസ്റ്റുചെയ്‌ത് കോടതിയിൽ ഹാജരാക്കി.
എന്നാൽ ഇയാൾക്കൊപ്പം പോകാൻ വിസമ്മതിച്ച യുവതി സ്വന്തം സഹോദരനൊപ്പമാണ് കോടതിയിൽ നിന്ന് പോയത്. തുടർന്ന് ഇന്നലെ പുലർച്ചെ മൂന്നോടെ ഇയാൾ വീണ്ടും പുത്തൂർ സ്റ്റേഷനിലെത്തി തന്റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. കോടതി ഉത്തരവ് പ്രകാരം യുവതി സഹോദരനൊപ്പം പോയകാര്യം പറഞ്ഞശേഷം പൊലീസുകാർ ഇയാളെ തിരിച്ചയയ്‌ക്കുകയായിരുന്നു. പിന്നാലെ ആര്യനാട്ടേക്ക് പോവുകയാണെന്നു പറഞ്ഞ് പുറത്തുപോയ ഇയാൾ ഉച്ചയ്‌ക്ക് രണ്ടോടെയാണ് മദ്യലഹരിയിൽ ആര്യനാട് സ്റ്റേഷനിലെത്തിയത്.
ഷൈജുവിനോട് സബ് ഇൻസ്പെക്ടർ ഷീന വിവരങ്ങൾ ചോദിച്ച് മനസിലാക്കിയശേഷം ഭാര്യയെ അന്വേഷിച്ച് കണ്ടുപിടിക്കാമെന്ന് ഉറപ്പുനൽകി മടക്കി അയച്ചു. എന്നാൽ പുറത്തിറങ്ങിയ ഇയാൾ വന്ന ഓട്ടോയിൽ കരുതിയിരുന്ന പെട്രോൾ സ്റ്റേഷന്റെ ഗേറ്റിന് മുന്നിൽവച്ച് ശരീരത്തിലേക്ക് ഒഴിച്ചു. പിന്നാലെ സ്റ്റേഷന്റെ പടിയിൽ കയറിനിന്ന ശേഷമാണ് ഇയാൾ സിഗരറ്റ് ലാമ്പ് ഉപയോഗിച്ച് തീകൊളുത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സബ് ഇൻസ്പെക്ടർ ഷീന തീകത്തുന്നതുകണ്ട് ഇയാളെ തള്ളിമാറ്റുകയും തീയണയ്‌ക്കാനായി തറയിലിട്ട് ഉരുട്ടുകയും ചെയ്‌തു. ഇതിനുശേഷം സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ വെള്ളം കോരിയൊഴിച്ച് തീയണയ്‌ക്കുകയായിരുന്നു. സ്റ്റേഷന് മുന്നിൽ ജീപ്പും പൊലീസുകാരുടെ നിരവധി വാഹനങ്ങളുമുണ്ടായിരുന്നു. പൊലീസിന്റെ കൃത്യതയാർന്ന ഇടപെടൽ കാരണമാണ് തീകൂടുതൽ പടരാതെ തടയാനായത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഇയാളെ ഉടൻ 108 ആംബുലൻസിൽ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.