പേപ്പർ വിലയിൽ പോക്കറ്റ് കീറി ബുക്ക് വിപണി

Saturday 28 May 2022 12:05 AM IST

ആലപ്പുഴ: അച്ചടി മേഖലയിലെ പ്രതിസന്ധി ബുക്ക് വിപണിയിൽ കരിനിഴൽ വീഴ്ത്തുന്നു. പേപ്പറിന്റെ വില വ‌ദ്ധിച്ചതും ക്ഷാമവുമാണ് വിലക്കയറ്റത്തിന് പിന്നിലെ കാരണക്കാർ. ഇതോടൊപ്പം അച്ചടി അനുബന്ധ സാമഗ്രികളുടെ വിലയിലും വർദ്ധനവുണ്ടായിരുന്നു. പഴയ സ്റ്റോക്ക് വിറ്റഴിഞ്ഞ്, പുതിയതിലേക്ക് കടക്കുന്നതോടെ ഇനിയും വില വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു. നൂറ് പേജിന്റെ ഒരു നോട്ട് ബുക്കിന് കുറഞ്ഞത് 17 രൂപയും, 200 പേജിന്റേതിന് 28 രൂപയും നൽകണം. സകല മേഖലയിലെയും വിലക്കയറ്റത്തിൽ ഉരുകുന്നതിനിടെയാണ് സ്കൂൾ വിപണി രക്ഷിതാക്കളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്.

അച്ചടി മേഖലയ്ക്ക് ആദ്യ അടി വീണത് ജി.എസ്.ടിയുടെ രൂപത്തിലാണ്.

6 ശതമാനം ജി.എസ്.ടി എന്നത് ഒറ്റയടിക്ക് 18 ശതമാനത്തിലേക്ക് ഉയർന്നു. കോപ്പിയർ പേപ്പറുകൾക്ക് ഒരു പാക്കറ്റിന്മേൽ 40 രൂപയുടെ വരെ വ്യത്യാസമാണു വന്നിട്ടുള്ളത്. കൊവിഡിന് ശേഷം പേപ്പർ വിലയിൽ 70 ശതമാനത്തിന്റെ വർദ്ധനവുണ്ടായെന്നാണ് കണക്ക്.

മഷി, പ്ലേറ്റ് മുതലായ അച്ചടി അനുബന്ധ സാമഗ്രികൾക്കും വില ക്രമാതീതമായ വർദ്ധിച്ചു. കൊവിഡ് കാലത്ത് ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറിയ സാഹചര്യത്തിൽ പ്രോജക്ട് വർക്കുകൾക്ക് വേണ്ടിയുള്ള ചിലവ് ഒരു പരിധി വരെ കുറഞ്ഞിരുന്നു. ഇത്തവണ എല്ലാം പഴയപടിയാകുന്നതോടെ ബുക്ക്, പേപ്പർ‌ ഇനത്തിൽ രക്ഷിതാക്കളുടെ ചിലവ് വർദ്ധിക്കും. അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെ വിലയിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്.

നോട്ട് ബുക്ക് വില

100 പേജ് - 17 രൂപ

200 പേജ് - 28 - 30 രൂപ

പേപ്പർ വില വർദ്ധനവും ക്ഷാമവും പിടിച്ചു നിർത്താതെ പ്രശ്നപരിഹാരമുണ്ടാവില്ല. പുതിയ സ്റ്റോക്കുകൾക്ക് വില കൂടാനുള്ള സാദ്ധ്യത കൂടുതലാണ്

-മോഹൻ പിള്ള, പ്രിന്റേഴ്സ് അസോസിയേഷൻ

ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ബുക്ക് വാങ്ങാൻ വലിയ തുക ചെലവാകും. കുറേശ്ശെയായി വാങ്ങാനാണ് തീരുമാനം

-സുമ ബാബു, രക്ഷിതാവ്

Advertisement
Advertisement