ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലൈംഗിക തൊഴിലാളികളുള്ളത് ഈ ദക്ഷിണേന്ത്യൻ സംസ്ഥാനത്ത്; രാജ്യത്തെ വേശ്യാവൃത്തിയുടെ കണക്കുകൾ അമ്പരപ്പിക്കുന്നത്

Saturday 28 May 2022 12:20 AM IST

ഇന്ത്യയിൽ യാതൊരു തരത്തിലുള്ള അന്തസും ലഭിക്കാത്ത സമൂഹമാണ് ലൈംഗികതൊഴിലാളികളുടേത്. ഒരാളും ലൈംഗികത്തൊഴിലാളികളോട് ഇന്നുവരെ മാന്യമായി പെരുമാറിയ ചരിത്രമില്ല. രാത്രികളിൽ വേശ്യാലയങ്ങളുടെ ഉള്ളറകൾ തേടിപ്പോകുന്ന പകൽമാന്യന്മാർ പോലും ലൈംഗിക തൊഴിലാളികളെ അറപ്പോടെ മാത്രമേ നോക്കുകയുള്ളു. അവരുടെ മക്കളോട് പോലും ഒരു തരത്തിലുള്ള അനുകമ്പയും നമ്മുടെ രാജ്യം കാണിച്ചിട്ടില്ല.

ഒരു കാലത്ത് ഭിന്നലിംഗക്കാരെയും ലൈംഗിക തൊഴിലാളികളെപ്പോലെയാണ് നാം കണ്ടിരുന്നത്. എന്നാൽ ഭിന്നലിംഗക്കാരുടെ അവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കായി. ഇനി ലൈംഗിക തൊഴിലാളികളോടുള്ള നമ്മുടെ സമീപനമാണ് മാറേണ്ടത്. സുപ്രീം കോടതിയുടെ ഇന്നലത്തെ ഉത്തരവ് ചരിത്രപരമെന്ന് വേണമെങ്കിൽ പറയാം. സമൂഹത്തിൽ ഏറ്റവും അധിക്ഷേപിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടം ആൾക്കാർക്ക് പ്രതീക്ഷ നൽകുന്നതാണ് കോടതിയുടെ നിർദേശങ്ങൾ.

ലൈംഗിക തൊഴിലും ഒരു പ്രൊഫഷനാണെന്ന് പ്രഖ്യാപിച്ച കോടതി, ലൈംഗികതൊഴിലാളികൾക്കും അവകാശങ്ങളുണ്ടെന്നും, നിയമത്തിന്റെ പരിരക്ഷ ഒരു സാധാരണ പൗരന് ലഭിക്കുന്ന പോലെ തന്നെ അവർക്കും ലഭിക്കണമെന്നും വ്യക്തമാക്കുകയുണ്ടായി. ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസിനും തുല്യ പരിരക്ഷയ്ക്കും അർഹതയുണ്ട്.

ലൈംഗിക തൊഴിലാളികൾക്കെതിരെ പൊലീസ് ക്രിമിനൽ നടപടിയെടുക്കുകയും ചെയ്യരുതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തൊഴിൽ ഏതു തന്നെയായാലും ഈ രാജ്യത്തെ ഒാരോ പൗരനും ഭരണഘടനയുടെ 21 ാം അനുച്ഛേദം അനുസരിച്ച് മാന്യമായ ജീവിതത്തിന് അവകാശമുണ്ടെന്ന് അടിവരയിട്ടുപറഞ്ഞ കോടതിയുടെ വാക്കുകൾ പുതിയ വെളിച്ചം പകരുന്ന സമൂഹത്തെ പറ്റി നിങ്ങൾക്ക് എന്തറിയാം?

കണക്കുകൾ

ജീവിത സാഹചര്യങ്ങൾകൊണ്ട് ഈ മേഖലയിലേക്ക് എത്തിപ്പെട്ടവരുൾപ്പടെ രാജ്യത്ത് ആകെ എട്ട് ലക്ഷത്തിലധികം ലൈംഗിക തൊഴിലാളികളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കൃത്യമായി പറഞ്ഞാൽ 8.25 ലക്ഷം പേർ. ലൈംഗിക തൊഴിലാളികൾ എന്നു പറയുമ്പോൾ തന്നെ ഏവരുടെയും മനസിൽ വരുന്നത് മുംബയിലെ റെഡ് സ്ട്രീറ്റും, അരണ്ട വെളിച്ചത്തിൽ തന്റെ ശരീരത്തെ ആഗ്രഹിച്ചെത്തുന്ന പുരുഷന്മാർക്കായി കെട്ടിടങ്ങൾക്ക് മുന്നിൽ നിർജീവമായ കണ്ണുകളോടെ നിൽക്കുന്ന ഉത്തരേന്ത്യൻ സ്ത്രീകളെയുമായിരിക്കും. എന്നാൽ ഇന്ത്യയിലെ ആകെയുള്ള 8.25 ലക്ഷം ലൈംഗിക തൊഴിലാളികളിൽ പകുതിയിൽ കൂടുതൽ പേരും വരുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണെന്നതാണ് വസ്തുത. ഞെട്ടേണ്ട, മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ ലൈംഗിക തൊഴിലാളികളുള്ളത്.

2021 ലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ ലൈംഗിക തൊഴിലാളികൾ വരുന്നത് ആന്ധ്രപ്രദേശിൽ നിന്നാണ്. 1,33,447 പേർ. തൊട്ടുപിന്നാലെ തന്നെ കർണാടകയും തെലങ്കാനയുമുണ്ട്. 1,16,288 പേർ കർണാടകയിലും 1,00,818 പേർ തെലങ്കാനയിലുമുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് 78,361 പേരും തമിഴ് നാട്ടിൽ നിന്ന് 65,886 പേരുമാണ് ലൈംഗിക തൊഴിലാളികളായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചുറ്റുമുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ നിന്നുള്ള ലൈംഗിക തൊഴിലാളികളുടെ എണ്ണം കുറവാണ്. 17,000 പേരാണ് കേരളത്തിൽ തിരിച്ചറിഞ്ഞിട്ടുള്ള ലൈംഗിക തൊഴിലാളികളുടെ എണ്ണം. എന്നാൽ ദേശീയ കണക്കിൽ ഇത് കുറവായിട്ടല്ല രേഖപ്പെടുത്തുന്നത്.

ആന്ധ്ര, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, തമിഴ് നാട് എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം വരുന്ന സംസ്ഥാനങ്ങൾ ഇവയാണ്,

6. ഡൽഹി - 46,787

7. ഗുജറാത്ത് - 26,042

8. ഉത്ത‌ർപ്രദേശ് - 22,060

9. പഞ്ചാബ് - 19,573

10. പശ്ചിമ ബംഗാൾ - 17,327

മിസോറാമിലാണ് ഏറ്റവും കുറവ് ലൈംഗിക തൊഴിലാളികൾ ഉള്ളത്. 833 പേർ. ഈ കണക്കുകളെല്ലാം തിരിച്ചറിഞ്ഞവ മാത്രമാണ്. റിപ്പോർട്ടുകളിൽ വരാത്ത ലൈംഗിക തൊഴിലാളികളും ഒരുപാടുണ്ടെന്നാണ് സ്വകാര്യ ഏജൻസികളുടെ റിപ്പോർട്ടുകളിൽ പറയുന്നത്. അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 20 ലക്ഷം ലൈംഗിക തൊഴിലാളികളാണ് ഇന്ത്യയിലുള്ളത്. ഇപ്പറഞ്ഞതെല്ലാം സ്ത്രീകളായിട്ടുള്ള ലൈംഗിക തൊഴിലാളികളുടെ കണക്കാണ്. പുരുഷ ലൈംഗിക തൊഴിലാളികളും നമ്മുടെ നാട്ടിൽ കുറവല്ല എന്ന വസ്തുതയും ഈ കണക്കുകളോട് ചേർത്തുവച്ച് വായിക്കേണ്ടതാണ്.

ലൈംഗിക തൊഴിലുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ എന്തെല്ലാം?

ഇന്ത്യയിലെ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ട പ്രധാന നിയമമാണ് 1956 ലെ ഇമ്മോറൽ ട്രാഫിക് (പ്രിവൻഷൻ) ആക്ട് (ഐടിപിഎ). അതേസമയം ഇന്ത്യൻ പീനൽ കോഡിലും (ഐപിസി) ജുവനൈൽ ജസ്റ്റിസ് ആക്ടിലും രാജ്യത്തെ വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട വകുപ്പുകളുണ്ട്.

സ്വകാര്യമായുള്ള വേശ്യാവൃത്തി രാജ്യത്ത് നിയമവിരുദ്ധമല്ല. അതേസമയം പരസ്യമായി വേശ്യാവൃത്തിക്കായി അഭ്യർത്ഥിക്കുക, ഹോട്ടലുകളിൽ പെൺവാണിഭ പ്രവർത്തനങ്ങൾ നടത്തുക, ലൈംഗികത്തൊഴിലാളിയെ സംഘടിപ്പിച്ച് വേശ്യാവൃത്തി നടത്തുക, വേശ്യാലയം നടത്തുക എന്നിവ ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

സുപ്രീം കോടതി ഇന്നലെ പറഞ്ഞതെന്ത്?

ലൈംഗികത്തൊഴിലും ഒരു തൊഴിൽ തന്നെയാണെന്നാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്നലെ പ്രഖ്യാപിച്ചത്. ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ആറ് നിർദേശങ്ങളും ബഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രായം, പരസ്പര സമ്മതം എന്നിവയുടെ അടിസ്ഥാനത്തിലേ ക്രിമിനൽ കേസെടുക്കാൻ പാടുള്ളു. അതായത് ലൈംഗിക തൊഴിലാളി പ്രായപൂർത്തി ആയ വ്യക്തിയും സമ്മതത്തോടെയാണ് ലൈംഗിക വൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്നതെങ്കിൽ അത്തരം സാഹചര്യങ്ങളിൽ പൊലീസ് കേസെടുക്കാൻ പാടുള്ളതല്ലെന്നും കോടതി വ്യക്തമാക്കി.

ലൈംഗികതൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. വേശ്യാലയങ്ങളിലെ റെയിഡുകളിൽ ലൈംഗികതൊഴിലാളികളെ ഇരകളാക്കുകയും ചെയ്യരുത്. സ്വമേധയാ ഉള്ള ലൈംഗികതൊഴിൽ മാത്രമാണ് നിയമവിരുദ്ധമല്ലാത്തത്. എന്നാൽ വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധം തന്നെയാണെന്നും കോടതി ഉത്തരവിട്ടു.

അമ്മ ലൈംഗികതൊഴിലാളിയാണെന്ന പേരിൽ അവരുടെ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ല. ഒരു സാധാരണ വ്യക്തിക്ക് ലഭിക്കുന്ന മര്യാദയുടേയും അന്തസിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലൈംഗിക തൊഴിലാളികൾ ഉപയോഗിക്കുന്ന ഗർഭനിരോധന ഉറകളും മറ്റും അവരുടെ കുറ്റത്തിന് തെളിവായി പൊലീസ് എടുക്കരുത്. വേശ്യാലയത്തിൽ ലൈംഗികത്തൊഴിലാളികൾക്കൊപ്പം കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ടു വന്നതായി കരുതരുത്. കുട്ടി തന്റേതാണെന്ന് ലൈംഗികത്തൊഴിലാളി അവകാശപ്പെട്ടാൽ അത് ശാസ്‌ത്രീയമായി പരിശോധിക്കണം. ലൈംഗിക തൊഴിലാളികൾ നൽകുന്ന ലൈംഗിക പീഡന പരാതികൾ പൊലീസ് വിവേചനത്തോടെ കാണരുത്. ലൈംഗിക തൊഴിലാളികൾക്കായി നിയമം നടപ്പാക്കുന്ന പ്രക്രിയയിൽ അവരെയോ പ്രതിനിധികളെയോ ഉൾപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

ലൈംഗിക തൊഴിലാളികളോടുള്ള പൊലീസിന്റെ മനോഭാവം പലപ്പോഴും ക്രൂരവും അക്രമാസക്തവുമാണെന്ന കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ പരാതിയുമായി എത്തുന്ന ലൈംഗിക തൊഴിലാളികളോട് പൊലീസ് വിവേചനം കാണിക്കാൻ പാടില്ല. പീഡനക്കേസുകളിൽ അതിജീവിതയ്ക്ക് നൽകുന്ന അതേ പരിഗണന ലൈംഗിക തൊഴിലാളികൾക്കും നൽകണം. ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളികൾക്ക് ഉടൻ തന്നെ വൈദ്യ-നിയമ സഹായം ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും നൽകണം. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ അവർ ഇരകളോ പ്രതികളോ ആയിരുന്നാലും അവരുടെ വ്യക്തിത്വം വെളിപ്പെടുത്താതിരിക്കാൻ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണം. അവരുടെ പേര്, ഫോട്ടോ തുടങ്ങിയ കാര്യങ്ങളൊന്നും പുറത്തുവിടുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും കോടതി പറഞ്ഞു. ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയോ അവരുടെ വിവരങ്ങൾ പുറത്ത് വിടുകയോ ചെയ്താൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 സി വകുപ്പ് പ്രകാരം നടപടി എടുക്കണം. ഇക്കാര്യത്തിൽ ഉചിതമായ മാർഗനിർദ്ദേശം നൽകാൻ പ്രസ് കൗൺസിൽ ഓഫ്‌ ഇന്ത്യയെ കോടതി ചുമതലപ്പെടുത്തി.

ഈ ശുപാർശകളിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം എന്താണെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. കേന്ദ്രത്തിന്റെ നിലപാട് എന്താണെന്ന് അടുത്ത വാദം കേൾക്കുന്ന ജുലായ് 27 ന് മുമ്പ് തന്നെ അറിയിക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുന്നത് വരെ ഈ നിർദ്ദേശങ്ങൾ നില നിൽക്കുമെന്ന് കോടതി വ്യക്തമാക്കി.

Advertisement
Advertisement