തൃക്കാക്കര സർക്കാരിന് വാട്ടർലൂ എന്ന് കെ.സുധാകരൻ

Saturday 28 May 2022 12:52 AM IST

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാരിന് വാട്ടർ ലൂ ആയിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ഉപതിരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിനും ജനദ്രോഹ ഭരണത്തിനുമേൽക്കുന്ന കനത്ത പ്രഹരമായിരിക്കും. നൂറുശതമാനം വിജയ പ്രതീക്ഷയാണ് കോൺഗ്രസിനും യു.ഡി.എഫിനുമുള്ളത്. പി.ടി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷമുണ്ടാകും.

പി.ടി.തോമസിന്റെ മരണം പോലും സൗഭാഗ്യമായി കാണുന്ന മനോനിലയിലേക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും അധഃപതിച്ചു. പി.ടി സഭയ്ക്കകത്തും പുറത്തും സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടിയ നേതാവാണ്. പി.ടി. തോമസ് ഇല്ലായിരുന്നെങ്കിൽ നടിയെ ആക്രമിച്ച കേസിന്റെ ഗതിതന്നെ മാറുമായിരുന്നു. നടിക്ക് നീതിയുറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല അവരെ അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് ഇടതുനേതാക്കൾ ശ്രമിച്ചത്.

പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളുമായാണ് ഇപ്പോൾ സി.പി.എം തൃക്കാക്കരയിൽ വോട്ട് പിടിക്കാൻ ഇറങ്ങിയിരിക്കുന്നത്. ഇതെല്ലാം തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ വിലയിരുത്തും.

സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് തുടക്കം മുതൽ സി.പി.എം ശ്രമിച്ചത്. തൃക്കാക്കരയിലെ വോട്ടർ പട്ടികയിൽ യു.ഡി.എഫ് കൂട്ടിച്ചേർക്കാൻ നൽകിയ പുതിയ വോട്ടുകളിൽ ഭൂരിഭാഗവും തള്ളി. ബി.ജെ.പിയെ തോൽപ്പിക്കും വിധമുള്ള വർഗീയ നടപടികളാണ് സി.പി.എം മണ്ഡലത്തിൽ സ്വീകരിച്ചത്.

ആറു വർഷമായിട്ടും തൃക്കാക്കരയിലേക്കുള്ള മെട്രോ എക്സ്റ്റൻഷൻ നടപ്പാക്കാൻ ചെറുവിരലനക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല. ആറ് വർഷക്കാലത്തെ ഇടത് സർക്കാരിന്റെ ബാക്കിപത്രമാണ് സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി. പതിനായിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന കെ-റെയിൽ പദ്ധതി ആർക്കു വേണ്ടിയാണ്? ബി.ജെ.പിക്ക് തൃക്കാക്കര തിരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്നും അവരുടെ മത്സരം മൂന്നാം സ്ഥാനത്തിന് വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.

Advertisement
Advertisement