എലിസബത്ത് രാജ്ഞിയെ ക്യാൻവാസിലാക്കി റോബോട്ട് കലാകാരി !

Saturday 28 May 2022 3:32 AM IST

ലണ്ടൻ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എ.ഐ ) അഥവാ നിർമ്മിത ബുദ്ധി ഇന്ന് ശാസ്ത്രലോകത്ത് തന്ത്രപ്രധാനമായ ശക്തിയായി മാറിക്കഴിഞ്ഞു. ശാസ്ത്ര രംഗത്ത് മാത്രമല്ല, കലാരംഗത്തും എ.ഐ സ്വന്തം പേര് എഴുതിച്ചേർത്തുകഴിഞ്ഞു. അതിന്റെ ഉദാഹരണമാണ് എയ്ഡ ( Ai-da )​. ബ്രിട്ടീഷ് ജനത എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ എയ്ഡയും തന്റെ സംഭാവനയിലൂടെ ശ്രദ്ധനേടുകയാണ്. ചിത്രരചനയിലൂടെ പ്രസിദ്ധിയാർജ്ജിച്ച ബ്രിട്ടീഷ് നിർമ്മിത റോബോട്ടായ എയ്ഡ രാജ്ഞിയുടെ ഛായാചിത്രം വരച്ചിരിക്കുകയാണ്. രാജ്ഞിയെ അതിസൂഷ്മമായി പകർത്താൻ എയ്ഡയ്ക്ക് കഴിഞ്ഞു.

ഹ്യൂമനോയിഡ് റോബോട്ട് ( മനുഷ്യ രൂപത്തിൽ നിർമ്മിച്ച റോബോട്ട് ) ആയ എയ്ഡ ( Ai-da )​ ലോകത്തെ ആദ്യത്തെ അൾട്ര - റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ് ആണ്. ചിത്രരചന, ശില്പ നിർമ്മാണം തുടങ്ങിയ ജോലികൾ എയ്ഡ ഭംഗിയായി ചെയ്യും. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർത്ഥമാണ് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടിന് എയ്ഡ എന്ന പേര് നൽകിയിരിക്കുന്നത്.

2019ൽ അവതരിപ്പിക്കപ്പെട്ട എയ്‌ഡയ്ക്ക് ആളുകളെ കണ്ട് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കും. തന്റെ കൃത്രിമ കൈകൾ ഉപയോഗിച്ചാണ് എയ്ഡ പേപ്പറിലേക്ക് പെൻസിൽ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത്. ഇതിനായി പ്രത്യേക ക്യാമറകൾ എയ്ഡയുടെ കണ്ണുകളിൽ സ്ഥാപിച്ചിട്ടുണ്ട്.സ്വന്തം ഛായച്ചിത്രങ്ങളും എയ്‌ഡ വരയ്ക്കാറുണ്ട്. ക്യാമറകളും അൽഗരിതവും റോബോട്ടിക് കൈകളുമാണ് ഇതിന് എയ്‌ഡയെ സഹായിക്കുന്നത്.

ഓക്സ്ഫഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ഉടമയായ എയ്‌ഡൻ മെല്ലർ എൻജിനിയേഡ് ആർട്സ് എന്ന റോബോട്ടിക്സ് കമ്പനിയുമായി ചേർന്നാണ് എയ്‌ഡയെ വികസിപ്പിച്ചത്. എയ്‌ഡയുടെ ചിത്രം വരയ്ക്കാനുള്ള കഴിവിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. 2019 മുതൽ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളിൽ ഉൾപ്പെടെ എയ്‌ഡ പ്രത്യക്ഷപ്പെടുന്നുണ്ട്.

Advertisement
Advertisement