നാട്ടുകാര് മൊത്തം പറഞ്ഞ് കൊതിപ്പിച്ചതാ; 'ഹൃദയ"ത്തിനൊപ്പം 'ഹോമി"നെയും ചേർത്തു വയ്‌ക്കാമായിരുന്നു;  ഒരാൾ  തെറ്റ്  ചെയ്തതിന് കുടുംബക്കാരെ മൊത്തം ശിക്ഷിക്കരുതെന്നും ഇന്ദ്രൻസ്

Saturday 28 May 2022 11:25 AM IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ നിന്നും ഹോം സിനിമയെ പൂർണമായും ഒഴിവാക്കിയതിനെതിരെ വിമർശനവുമായി നടൻ ഇന്ദ്രൻസ്. ചിത്രം അവാർഡ് നിർണയകമ്മിറ്റി കണ്ടിട്ടുണ്ടാകില്ലെന്നും കണ്ടിരുന്നുവെങ്കിൽ ഒരിക്കലും ചിത്രത്തെ ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് അവാർഡ് കിട്ടാത്തതിൽ വിഷമം ഇല്ല. കിട്ടിയവരൊക്കെ വേണ്ടപ്പെട്ടവരാണ്. അവരുടെയൊക്കെ ആരാധകനാണ്. ഒരു അംഗീകാരം ഹോമിന് കിട്ടുമെന്ന് വിചാരിച്ചിരുന്നു. അത് നാട്ടുകാര് മൊത്തം പറഞ്ഞു കൊതിപ്പിച്ചതാ. അത് കിട്ടാത്തതിൽ ഒരു വിഷമമുണ്ട്.

ജൂറി സിനിമ കണ്ടു കാണില്ല. അല്ലെങ്കിൽ കാണാൻ അവസരം ഉണ്ടാക്കി കാണില്ല. അതൊരു ആയുധമാക്കി വച്ചിട്ടുണ്ടാകും. കുടുംബത്തിൽ ഒരാൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുടുംബക്കാരെ മൊത്തം ശിക്ഷിക്കേണ്ടതുണ്ടോ. അയാൾക്കെതിരെ വിധിയൊന്നും വന്നില്ലല്ലോ. ആരോപണം അല്ലേ. നിരപരാധിയാണെങ്കിൽ,​ അല്ലെങ്കിൽ കുറ്റം ചുമത്തിയില്ലെങ്കിൽ ഈ പടം പിന്നീട് ജൂറി തിരിച്ച് വിളിച്ച് അവാർഡ് തിരുത്തുമോ.

സിനിമ കണ്ടു കാണില്ല എന്ന കാര്യം ഉറപ്പാണ്. സിനിമ കണ്ടവരെല്ലാം വിഷമം പറയുന്നുണ്ട്. ആ വിഷമം ജൂറിക്കില്ലെങ്കിൽ അവർ സിനിമ കണ്ടില്ലെന്നല്ലേ അർത്ഥം. നടന്മാരിൽ തന്നെ രണ്ടു പേർ നന്നായിട്ട് അഭിനയിച്ചു. രണ്ടു പേർക്കും കൊടുത്തില്ലേ. ഹൃദയം നല്ലതാണ്,​ ആ ഹൃദയത്തിനൊപ്പം ഹോമും കൂടി ചേർത്തു വയ്‌ക്കാമിരുന്നില്ലേ. ജനങ്ങളുടെ പിന്തുണയാണ് അവാർഡ്. അത് അന്നേ കിട്ടുന്നുണ്ട്.

കൊവിഡ് കാലത്ത് വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. അതിന് ഇത്രയും മികച്ച അഭിപ്രായം കിട്ടുമ്പോൾ സ്വഭാവികമായും പ്രതീക്ഷിച്ചു പോകും. സർക്കാർ ഒടിടി പ്ലാറ്റ്ഫോം തുടങ്ങുകയാണ്. അതിന് പ്രോത്സാഹിപ്പിക്കണം എന്നും പറയുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവച്ചിതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement