എനിക്കതിൽ റോളില്ല, എന്നോടല്ല ചോദിക്കേണ്ടത്;  ഇന്ദ്രൻസിനെ വിളിച്ചത് വ്യക്തിപരം, വിവാദത്തിന് പിന്നാലെ പ്രതികരണവുമായി രഞ്ജിത്ത്

Saturday 28 May 2022 12:04 PM IST

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളും ഉയരുകയാണ്. ഇന്ദ്രൻസ് പ്രധാന കഥാപാത്രമായെത്തിയ ഹോം എന്ന ചിത്രത്തെ പൂർണമായും അവഗണിച്ചു എന്നാണ് ഉയരുന്ന ആരോപണം.

52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപനത്തിൽ ഹോമിനെ തഴഞ്ഞതിലെ നിരാശ പ്രകടിപ്പിച്ച് ഇന്ദ്രൻസും എത്തിയിരുന്നു. ചിത്രത്തിന്റെ നിർമാതാവിന്റെ പേരിലുള്ള ബലാത്സം​ഗ കേസ് കൊണ്ടാണോ ഹോമിനെ തഴഞ്ഞതെന്നാണ് ആരാധകർ ചോദിക്കുന്നത്.

വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് രംഗത്തെത്തിയിട്ടുണ്ട്. അവാ‌ർഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ തന്നോടല്ല ചോദിക്കേണ്ടതെന്ന് രഞ്ജിത്ത് പ്രതികരിച്ചു.

'ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനാണെങ്കിലും ജൂറി ചെയർമാനല്ല. ഇത് ജൂറിയുടെ തീരുമാനമാണ്. ഹോം എന്ന സിനിമ കണ്ട് ഇന്ദ്രൻസിനെ വിളിച്ച് സംസാരിച്ചിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ്'- രഞ്ജിത്ത് പറഞ്ഞു. ചലച്ചിത്ര ജൂറി എന്നത് തന്റെ വ്യക്തിപരമായ കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഇടമല്ലെന്നും തനിക്ക് അതിനകത്ത് റോളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.