അവാർഡ് വാങ്ങാൻ യോഗം കാണില്ലായിരിക്കും,​ ആകെയുള്ള സങ്കടം ഇതുമാത്രമാണ്; ഹോമിനെ അവഗണിച്ചതിനെതിരെ മഞ്ജുപിള്ള

Saturday 28 May 2022 12:08 PM IST

ഹോം സിനിമയെ മാറ്റി നിറുത്തിയത് ശരിയായ രീതിയല്ലെന്ന് നടി മഞ്ജു പിള്ള. വ്യക്തിപരമായി അവാർഡ് ആഗ്രഹിച്ചിട്ടില്ലെങ്കിലും നല്ലൊരു സിനിമ ജൂറി കാണാതെ പോയതിൽ വിഷമമുണ്ട്. ഒടിടിയിൽ ഇറങ്ങിയ ചിത്രമായിട്ട് പോലും പ്രേക്ഷകർ ഏറ്റെടുത്തതാണ്. ഒരു പ്രശ്‌നത്തിന്റെ പേരിൽ ചിത്രത്തെ മൊത്തത്തിൽ മാറ്റി നിറുത്തുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ലല്ലോയെന്നും അവർ വ്യക്തമാക്കി.

' ഒരു കുഞ്ഞിനെപ്പോലെ താലോലിച്ച് ഏഴ് വർഷം കൊണ്ടാണ് ഹോം റോജിൻ തോമസ് രൂപപ്പെടുത്തിയെടുത്തത്. ഈ ചിത്രത്തിനു പുറകില്‍ ഒരുപാട് പേരുടെ അദ്ധ്വാനം ഉണ്ട്. അവാർഡ് കിട്ടാത്തതിൽ വ്യക്തിപരമായി വിഷമമൊന്നുമില്ല. അതിനുള്ള യോഗമുണ്ടായിരിക്കില്ലെന്ന് തോന്നുന്നു.

അവാർഡ് കിട്ടിയിരുന്നെങ്കിൽ അത് സന്തോഷത്തോടെ വാങ്ങുമായിരുന്നു. ലൈഫിൽ ഒന്നും അങ്ങനെ പ്രതീക്ഷിക്കാത്ത ആളാണ് ഞാൻ. അതുകൊണ്ട് തന്നെ കിട്ടാതെ വരുമ്പോൾ വിഷമിക്കാൻ പാടില്ലല്ലോ. ഹോം നല്ലൊരു സിനിമയാണ്. അത് ജൂറി കാണാതെ പോയതിന്റെ വിഷമം തീർച്ചയായും ഉണ്ട്.

ഒടിടിയിൽ ഇറങ്ങിയിട്ട് പോലും ജനം ഏറ്റെടുത്ത ചിത്രമാണ്. ലോക്ഡൗൺ സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. എന്തെങ്കിലും ഒരു കാരണം കൊണ്ട് ബാക്കിയുള്ളവരുടെ കഠിനാദ്ധ്വാനം കണ്ടില്ലെന്ന് നടിക്കരുത്. ഇന്ദ്രൻസേട്ടന് അവാർഡ് കിട്ടേണ്ടതായിരുന്നു.

അത് കാണാതെ പോയതിൽ സങ്കടമുണ്ട്. ഒരു പ്രശ്‌നത്തിന്റെ പേരിൽ ചിത്രത്തെ മൊത്തത്തിൽ മാറ്റി നിറുത്തുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ ഒരു സിനിമയും ചെയ്യാൻ പറ്റില്ലല്ലോ." മഞ്ജു പിള്ള പറഞ്ഞു.

Advertisement
Advertisement