ചേരയെ പിടികൂടി ജീവനോടെ മുറിച്ച് കഷ്‌ണങ്ങളാക്കി കൊടും ക്രൂരത, രംഗം വീഡിയോയിൽ പകർത്തി; ആറോളം പേർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

Saturday 28 May 2022 1:25 PM IST

മുംബയ്: ക‌ർഷകനും സാധാരണ മനുഷ്യനും ഉപദ്രവം ചെയ്യുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ച്കൊല്ലാൻ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാർക്ക് അധികാരം നൽകിയത് കഴിഞ്ഞ ദിവസമാണ്. കാട്ടുപന്നി ശല്യക്കാരാണെങ്കിലും മറ്റ്‌ചില ജന്തുക്കൾ അങ്ങനെയല്ല. അവ മനുഷ്യന് ഗുണം ചെയ്യുന്നുണ്ട്. എന്നിട്ടും കരുണയില്ലാതെ മനുഷ്യൻ അവയെ ആക്രമിക്കുന്നു. അത്തരമൊരു സംഭവമാണ് മഹാരാഷ്‌ട്രയിൽ ഉണ്ടായത്. ഒസ്‌മാനാബാദിൽ ജീവനുള‌ള ചേരയെ ആറോളം യുവാക്കൾ ചേർന്ന് കഷ്‌ണങ്ങളാക്കി. ക്രൂരത ഇവർ ക്യാമറയിലും പകർത്തി.

ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. എലി അടക്കം ക്ഷുദ്രജീവികളെ നശിപ്പിക്കുന്ന കർഷകന്റെ മിത്രവും വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് അനുസരിച്ച് സംരക്ഷിക്കപ്പെടുന്നതുമായ ജീവിയാണ് ചേര. ഇത്തരത്തിലുള‌ള ചേരയെയാണ് ആറ് യുവാക്കൾ ചേർന്ന് മൃഗീയമായി കൊന്നത്. സംഭവത്തിനെതിരെ പ്ളാന്റ്‌സ് ആന്റ് ആനിമൽ പ്രൊട്ടക്ഷൻ സൊസൈറ്റി എന്ന എൻജിഒ മഹാരാഷ്‌ട്രയിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ഔറംഗാബാദ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിനും ഒസ്‌മാനാബാദ് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർക്കും പരാതി നൽകി. തെറ്റ് ചെയ്‌തവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് സംഘടന ആവശ്യപ്പെടുന്നു.