ഇലാമാ പഴം കിട്ടുവോന്ന് നോക്കട്ടെ ഇന്ദ്രൻസേട്ടാ; അവരുടെ കണ്ണ് തുറന്നാലോ; ജൂറിക്കെതിരെ ആദ്യം വിമർശനം, പിന്നാലെ പോസ്റ്റ് പിൻവലിച്ച് അൽഫോൺസ് പുത്രൻ
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും ഹോം സിനിമയെയും ഇന്ദ്രൻസിനെയും ഒഴിവാക്കിയതിനെതിരെ പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ അൽഫോൺസ് പുത്രനും വിമർശനവുമായി രംഗത്തെത്തി. ആറ് ജോലികൾ ഒന്നിച്ച് ചെയ്തിട്ടും ഉഴപ്പൻ ആണെന്നാണ് അന്നത്തെ ജൂറി ടീം വിധിച്ചത്.
മാത്രവുമല്ല, അതിന്റെ പേരിൽ പ്രേമം ടീമിലുള്ള ആർക്കും അവാർഡ് നൽകിയിരുന്നില്ല. ഇനി ഇവരുടെ കണ്ണ് തുറപ്പിക്കണമെങ്കിൽ ഗുരു സിനിമയിലെ ഇലാമാ പഴം തന്നെ വേണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ...
ഇന്ദ്രൻസേട്ടാ, ഞാൻ ആറ് ജോലി ചെയ്തിട്ടും, ഉഴപ്പൻ ആണെന്നാണ് അന്ന് അവര് പറഞ്ഞത്. ഞാൻ അവരുടെ ചിന്തയിൽ ഉഴപ്പൻ ആയതു കൊണ്ട് പ്രേമം ടീമിൽ വർക്ക് ചെയ്ത ഇരുപത്തിനാല് ക്രാഫ്റ്റിൽ ഉള്ള ആർക്കും അവാർഡ് കൊടുത്തില്ല. ഒരു പ്രത്യേക തരം വിലയിരുത്തലാണ് അവരുടെ. ഞാൻ "ഗുരു" സിനിമയിലെ ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രൻസേട്ടാ. ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം..ഒരു പക്ഷെ കണ്ണ് തുറന്നാല്ലോലെ.
അൽഫോൺസ് പുത്രൻ്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അനുകൂലമായ മറുപടികൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അർഹമായ അവാർഡാണ് ഇന്ദ്രൻസിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് കൂടുതൽപേരും പറഞ്ഞിരിക്കുന്നത്. എന്നാൽ പോസ്റ്റിട്ട് അരമണിക്കൂറിനുള്ളിൽ തന്നെ അൽഫോൺസ് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.