ഞാൻ ഹോം കണ്ടില്ല, എന്റെ വീട്ടുകാര് കണ്ടു വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Saturday 28 May 2022 2:55 PM IST

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ തന്റെ അഭിപ്രായം പങ്കുവച്ച് സുരേഷ് ഗോപി. തൃക്കാക്കര ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

'ഹോം സിനിമ ഞാൻ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവർ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു, അവർ എല്ലാ ചിത്രങ്ങളും കണ്ടുവരുമ്പോൾ ഒരു തുലനമുണ്ടാകും. കേന്ദ്രത്തിൽ 18ഭാഷ പരിശോധിച്ചപ്പോൾ ഏറ്റവും നല്ല സംവിധായകൻ ജയരാജായിരുന്നു, കേരളത്തിൽ ഒരു ഭാഷ പരിശോധിച്ചപ്പോൾ ജയരാജ് അല്ല. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഞാനും വിഷമിച്ചു. ഇന്ദ്രൻസ് കഴിവുള്ള നടനാണ്.'- അദ്ദേഹം പറഞ്ഞു.

റോജിൻ തോമസ് സംവിധാനം ചെയ്‌ത് വിജയ് ബാബു നിർമ്മിച്ച 'ഹോം' മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിന് ഒരുവിഭാഗത്തിൽ നിന്നു പോലും ഹോമിന് അവാർഡ് ലഭിച്ചില്ല. തുടർന്ന് നിർമ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതി കാരണം ചിത്രം ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയർന്നിരുന്നു.

ഹോം സിനിമയ്ക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രൻസ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേർത്തുവയ്‌ക്കേണ്ട സിനിമയാണ് ഹോം. അവാർഡ് നൽകാതിരിക്കാനുളള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രൻസ് പറഞ്ഞു.

അതേസമയം, ഹോം സിനിമ കണ്ടെന്നും സിനിമ പരിഗണിക്കാത്തതിന് നിർമ്മാതാവിന്റെ പേരിലുള‌ള കേസ് ഒരു ഘടകമായിട്ടില്ല എന്നുമാണ് ജൂറി ചെയർമാൻ പറഞ്ഞത്. നന്നായി അഭിനയിച്ചവർക്കല്ലേ അവാർഡ് നൽകാനാകൂ. കോൺഗ്രസുകാർ ആരെങ്കിലും നന്നായി അഭിനയിച്ചാൽ വേണമെങ്കിൽ അടുത്തതവണ അവാർഡിന് പരിഗണിക്കാം. അതിനുവേണ്ടി വേണമെങ്കിൽ പ്രത്യേക ജൂറിയെത്തന്നെ വയ്‌ക്കാമെന്നും മന്ത്രി സജി ചെറിയാൻ പരിഹസിച്ചു.