സ്റ്റോർ റൂമിലേക്ക് വിളിച്ചുവരുത്തി വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം; ഗവി ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്കെതിരെ കേസ്

Saturday 28 May 2022 5:35 PM IST

പത്തനംതിട്ട: വനംവകുപ്പ് സ്റ്റേഷനിൽ വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമം. ഗവി സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തു.

ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഇവിടത്തെ താൽക്കാലിക വാച്ചറായ യുവതിയെയാണ് മനോജ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെയാണ് യുവതിയെ സാധനങ്ങൾ എടുത്തു തരാമെന്ന് പറഞ്ഞ് സ്റ്റോർ റൂമിലേക്ക് വിളിച്ചു വരുത്തിയതും കടന്നു പിടിക്കുകയും ചെയ്തത്.

ഒച്ചവച്ചതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാര്‍ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ആളുകൾ ഓടിയെത്തിയ ശേഷവും ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി സഹപ്രവർത്തകർ പറയുന്നു. യുവതി വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്ക് പരാതി നൽകുകയും റേഞ്ച് ഓഫീസര്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിക്കുകയുമായിരുന്നു.

ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തിയതിൽ നിന്നും സംഭവം നടന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതിയോട് തൽക്കാലം അവധിയിൽ പോവാൻ നിർദ്ദേശിച്ചിരിക്കുകയാണ് പൊലീസ്.