ഇടവയിൽ ഫലം കാണാതെ മഴമറ പദ്ധതി വനിതാ സംരംഭകർക്ക് ധനനഷ്ടം മിച്ചം

Sunday 29 May 2022 4:49 AM IST

വർക്കല: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച മഴമറ പദ്ധതി (പോളി ഹൗസ്) നടപ്പിലാക്കുന്നതിൽ ഗുരുതരമായ വീഴ്ച വന്നതായി പരാതി. കൃഷി ഭവനുകളുടെ മേൽനോട്ടക്കുറവും കാർഷിക വൃത്തിക്ക് തിരിച്ചടിയായിട്ടുണ്ട്.

ഇടവ ഗ്രാമപഞ്ചായത്ത് പരിധിയിൽ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ ആവിഷ്കരിച്ച മഴമറ അഥവാ പോളിഹൗസ് പദ്ധതിയാണ് നിശ്ചിത സമയപരിധിക്ക് മുന്നേ കാലഹരണപ്പെട്ടതായി പരാതി ഉയർന്നത്.

ഇടവ വെൺകുളം സ്വദേശിയും ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ അനിതയും അയൽവാസിയായ ലതാങ്കിയുമാണ് കൃഷിഭവന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി ടെറസിൽ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി പതിനായിരത്തോളം രൂപയുടെ നാശനഷ്ടത്തിന് ഇരയായത്. ജീവിതോപാധിയെന്ന നിലയിൽ വീട്ടാവശ്യത്തിനും വിപണനാടിസ്ഥാനത്തിലും കഴിഞ്ഞ അഞ്ച് വർഷക്കാലമായി പച്ചക്കറി കൃഷി നടത്തിവന്ന വനിതാ സംരംഭകർക്കാണ് അധികൃതരുടെ അനാവശ്യമായ ഇടപെടൽ മൂലം നാശനഷ്ടം ഉണ്ടായത്. തറ വിസ്തൃതി കണക്കാക്കി 25,000 രൂപ സർക്കാർ സബ്സിഡി കഴിച്ച് ഗുണഭോക്തൃ വിഹിതമായ 25,000 രൂപയും അധിക ചെലവിനത്തിൽ പതിനായിരവും വിനിയോഗിച്ചാണ് അനിത മട്ടുപ്പാവിൽ മഴമറ നിർമ്മിച്ചത്.

മഴമറ പദ്ധതിയിൽ കൃഷിഭവന്റെ മേൽനോട്ടക്കുറവ് ഇല്ലാത്തതാണ് പദ്ധതിയിൽ വീഴ്ച ഉണ്ടായതെന്ന് ഇടവ മുൻ ഗ്രാമപഞ്ചായത്ത് അംഗം അനിത ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ പറയുന്നു.

Advertisement
Advertisement