ഒന്നാം ക്ളാസിലേയ്ക്ക് 5291 കുരുന്നുകൾ.

Sunday 29 May 2022 12:00 AM IST

കോട്ടയം: ജില്ലയിൽ ഇതുവരെ ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത് 5291വിദ്യാർത്ഥികൾ. സമ്പൂർണ എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രവേശനം. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് പ്രവേശനം നൽകുന്നത്. മുൻവർഷങ്ങളിലും പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ ഒഴുക്കായിരുന്നു. യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും വിതരണം പുരോഗമിക്കുകയാണ്. എൽ.പി.കുട്ടികൾക്കുള്ള യൂണിഫോംതുണി സർക്കാർ നേരിട്ട് എത്തിക്കും. ഖാദി ബോർഡുമായി ചേർന്ന് കൈത്തറി വസ്ത്രങ്ങളാവും നൽകുക. ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ചില സ്‌കൂളുകളിൽ തദ്ദേശ സ്ഥാപനങ്ങൾ പ്രഭാതഭക്ഷണം കൂടി നൽകും.

സ്‌കൂൾ തുറക്കൽ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് എ.ഇ.ഒ മാരുടെയും പ്രധാനാദ്ധ്യാപകരുടെയും യോഗം വിളിച്ച് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, പരിസര ശുചീകരണം, കൊവിഡ് വാക്‌സിൻ നൽകൽ എന്നിവയ്ക്കുള്ള നിർദേശങ്ങളും നൽകി.

6 സ്‌കൂളുകൾക്ക് പുതിയ കെട്ടിടം.

ജില്ലയിൽ ആറു സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങളായി. പ്ലാൻഫണ്ടിലൂടെ താഴത്തുവടകര ഗവൺമെന്റ് ഹൈസ്‌കൂൾ, ജി.എൽ.പി.എസ്. വെളിയന്നൂർ, മുസ്ലിം ഗേൾസ് എൽ.പി.സ്‌കൂൾ ഈരാറ്റുപേട്ട, വി.ബി.യു.പി.എസ്. തൃക്കൊടിത്താനം, സെന്റ് മേരീസ് എൽ.പി.എസ്. ഇരവിമംഗളം, സെന്റ് റോക്കീസ് യുപി സ്‌കൂൾ അരീക്കര എന്നിവിടങ്ങളിലെ കെട്ടിട നിർമാണമാണ് പൂർത്തിയാക്കിയത്.

പ്രവേശനോത്സവം കുടമാളൂരിൽ.

ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവൺമെന്റ് എച്ച്.എസ്.എസിൽ ജൂൺ ഒന്നിനു രാവിലെ 9.30ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി.മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകും. ബ്ലോക്ക് തലത്തിലും സ്‌കൂളുൾ തലത്തിലും പ്രവേശനോത്സവം നടക്കും.


വിദ്യാഭ്യാസ ഉപഡയറക്ടർ എൻ.സുജയ പറയുന്നു.

'' പ്രവേശനോത്സവത്തിന് സ്‌കൂളുകൾ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് അനുവദിക്കില്ല''

Advertisement
Advertisement