6 സ്കൂളുകൾ കൂടി ഹൈടെക്

Saturday 28 May 2022 10:00 PM IST

കൽപ്പറ്റ: നവകേരളം കർമ്മപദ്ധതി വിദ്യാകിരണം മിഷന്റെ ഭാഗമായി നിർമ്മിച്ച ജില്ലയിലെ 6 വിദ്യാലയങ്ങൾ 30 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ട, ജി.എച്ച്.എസ്.എസ് ആനപ്പാറ, ജി.എച്ച് എസ്.എസ് തരിയോട്, ജി.യു.പി.എസ് കോട്ടനാട്, ജി.എൽ.പി.എസ. വിളമ്പുകണ്ടം, ജി.എൽ.പി.എസ് പനവല്ലി എന്നീ സ്‌കൂളുകൾക്കായി പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുക. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ സ്‌കൂൾതല പരിപാടികളിൽ എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വെള്ളമുണ്ട, ആനപ്പാറ സ്‌കൂളുകൾക്ക് കിഫ്ബിയിൽ നിന്ന് മൂന്ന് കോടി രൂപ വീതം വകയിരുത്തിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തരിയോട്, കോട്ടനാട്, വിളമ്പുകണ്ടം, പനവല്ലി ഹൈസ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം.

വെള്ളമുണ്ട ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിൽ 9 ക്ലാസ്സ് മുറികൾ, സ്റ്റാഫ് റൂം, ഐ.ടി ലാബ്, ഓഫീസ് റൂം, ടോ‌യ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പടെ 16000 സ്‌ക്വയർഫീറ്റിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

14 ക്ലാസ് മുറികൾ, 3 ലാബുകൾ, ടോയ്‌ലെറ്റ് എന്നിവ ഉൾപ്പെടെ 14000 സ്‌ക്വയർഫീറ്റിലാണ് ആനപ്പാറ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കെട്ടിടം.

സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാകിരണം മിഷനിലുൾപ്പെടുത്തി സംസ്ഥാനത്ത് പണി പൂർത്തീകരിച്ച 75 സ്‌കൂൾ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുന്നത്.