വനംവകുപ്പ് അംഗീകാരമില്ല;നഷ്ടപരിഹാരം അകലെ: പാൽച്ചുരത്ത് ആടിനെ കൊന്നത് നീലഗിരിക്കടുവയോ?

Sunday 29 May 2022 12:06 AM IST

വനാർത്തികളിൽ വളർത്തുമൃഗങ്ങളെ കൊല്ലുന്ന അജ്ഞാതജീവിയെ സ്ഥിരീകരിക്കുന്നില്ല

പേരാവൂർ: കഴിഞ്ഞ 25ന് അമ്പായത്തോട് പാൽച്ചുരത്ത് ആടിനെ കടിച്ചുകൊന്ന മൃഗം ഇനിയും വനംവകുപ്പ് അംഗീകരിക്കാത്ത നീലഗിരിക്കടുവയെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിവരുന്ന ഗവേഷകൻ ഡിജോ തോമസ്. താഴേ പാൽച്ചുരം സ്വദേശി ബാലചന്ദ്രന്റെ ആടിനെയാണ് വീടിന് പിറകിലെ തൊഴുത്തിൽ തല മാത്രം ബാക്കിയാക്കിയ നിലയിൽ കണ്ടെത്തിയത്.

കൊട്ടിയൂർ വന്യജീവി സങ്കേതത്തിന് ചേർന്നുള്ള ഈ വീട്ടിൽ ഇതാദ്യമായാണ് വന്യമൃഗം നേരിട്ട് വന്ന് ആക്രമിക്കുന്നതെന്ന് വീട്ടുകാർ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.പശ്ചിമഘട്ടത്തോട് ചേർന്ന വനമേഖലയുടെ പലഭാഗങ്ങളിലും സമാനമായ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. പട്ടിപ്പുലി,​ നായക്കറ്റൻ,​ നായ്പ്പുലി,​ കറ്റാൻ പുലി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മൃഗം പ്രധാനമായും നായകളെയാണ് ആഹാരമാക്കിവരുന്നതെന്ന് ഡിജോ പറയുന്നു. ഇക്കാര്യം ആദിവാസികളടക്കമുള്ള വിഭാഗങ്ങൾക്ക് പരമ്പരാഗതമായി അറിയാവുന്നതുമാണ്. പക്ഷെ വനംവകുപ്പ് ഇതുവരെ ഇക്കാര്യം അംഗീകരിച്ചിട്ടില്ലാത്തതിനാൽ ഇന്നുവരെ വളർത്തുമൃഗം നഷ്ടപ്പെട്ട വകയിൽ കർഷകർക്ക് നഷ്ടപരിഹാരമൊന്നും ലഭ്യമായിട്ടുമില്ല.

ഡിജോ തോമസ് പറയുന്നു...

ലോകത്തിലെ ഏറ്റവും അപൂർവമായ മൃഗമാണ് നീലഗിരിക്കടുവ.കടുവയുടെ ശരീരവും പട്ടിയുടെ മുഖവുമാണ് ഇവയ്ക്കുള്ളത്. കടുവയുടെ വലിപ്പം ഇവയ്ക്കുണ്ട്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയാണ് ഇവ. 2014ന് ശേഷം കേരളം,​തമിഴ്നാട്,​ കർണാടക എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. പരിണാമ ശാസ്ത്രത്തിലെ ഒരു പ്രധാന മിസ്സിംഗ് ലിങ്കാണ് ഇവ. മിക്കവാറും ചരിത്രാതീത മൃഗം. തെക്കേ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന അവസാനത്തെ കുറച്ചെണ്ണം.സമ്പൂർണ വംശനാശത്തിന്റെ വക്കിലാണ് ഇവയെന്നും ഡിജോ പറയുന്നു. എഫ്3 ബി.എൻ.എസ്.പി.എം എന്ന ശാസ്ത്രീയ മാർഗത്തിലൂടെയാണ് ഡിജോ ഈ മൃഗത്തെ സംബന്ധിച്ച പ്രബന്ധങ്ങൾ അവതരിപ്പിച്ചത്. 2016 ജനുവരി ഏഴിന് മൈസൂർ സർവകലാശാലയിൽ നടന്ന നൂറ്റിമൂന്നാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ രണ്ട് ശാസ്ത്രീയ പ്രബന്ധങ്ങൾ ഡിജോ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത വർഷം തിരുപ്പതിയിലെ എസ്.വി.സർലവകലാശാലയിൽ നടന്ന സയൻസ് കോൺഗ്രസിൽ ഇക്കാര്യം വീണ്ടും സ്ഥിരീകരിച്ച് ശാസ്ത്രീയ പ്രബന്ധം അവതരിപ്പിച്ചു. തമിഴ്നാട്,​കർണാടക എന്നിവിടങ്ങളിലായി പതിനെട്ടിലേറെ ഇടങ്ങളിൽ നീലഗിരിക്കടുവയെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഡിജോയുടെ വിശദീകരണം. കാൽപ്പാടുകൾ, നേരിട്ട് കണ്ട ആളുകളുടെ വ്യക്തമായ വിവരണം, ഇരതേടുന്ന രീതി, ആക്രമണരീതി, ആഹാരരീതി, വലിപ്പം, നിറം, രൂപം, കാടിന്റെ അടുത്ത് താമസിക്കുന്നവർക്കും, ആദിവാസികൾക്കും, പരമ്പരാഗതമായി നീലഗിരി കടുവയെ കുറിച്ചുള്ള അറിവ്, എന്നിങ്ങനെ അറുപതിലേറെ വസ്തുതകളും നൂറിലേറെ പോയിന്റുകളും അവതരിപ്പിച്ചാണ് നീലഗിരിക്കടുവയെ ഡിജോ ജന്തുശാസ്ത്രലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്. ഇവയെ അംഗീകരിച്ച് വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുന്ന കർഷകന് ആശ്വാസം പകരണമെന്നാണ് ഈ ജന്തുശാസ്ത്രജ്ഞൻ വനംവകുപ്പിനോട് അഭ്യർത്ഥിക്കുന്നത്.

Advertisement
Advertisement