സുരക്ഷയോട് മുഖംതിരിച്ച് ഹൗസ് ബോട്ട് മേഖല

Sunday 29 May 2022 1:05 AM IST

ആലപ്പുഴ: ഹൗസ്‌ ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നത് മേഖലയ്ക്ക് പേരുദോഷമുണ്ടാക്കുന്നു. അപകടം വർദ്ധിച്ചതോടെ പൊലീസിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് പരിശോധന കർശനമാക്കിയത് രേഖകൾ ഇല്ലാതെ സർവീസ് നടത്തുന്ന ബോട്ടുകളുടെ ഉടമകൾക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം പള്ളാത്തുരുത്തി പാലത്തിന് സമീപം കായലിൽ നങ്കൂരമിട്ടിരുന്ന ഹൗസ്‌ ബോട്ടിൽ തീപിടിച്ചതാണ് ഒടുവിലത്തെ അപകടം. ഒരുമാസത്തിനുള്ളിൽ മൂന്ന് ഹൗസ്ബോട്ടുകൾക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നത്.

പരിശോധനാസംഘം നൽകിയ നോട്ടീസിന് പുല്ലു വിലയാണ് ഇവർ നൽകിയത്. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ 2013ൽ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഉടമകൾ അലംഭാവം കാട്ടുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വേമ്പനാട്ട് കായലിൽ 1500ൽ അധികം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകൾക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളത്.

വാടക തോന്നുംപടി

സഞ്ചാരികളുടെ തിരക്കേറുമ്പോൾ ഹൗസ്‌ബോട്ട് മേഖലയിൽ ചൂഷണവും പതിവാണ്. നിശ്ചിത നിരക്ക് മാറ്റിവച്ച് ഒരാൾക്ക് 750 മുതൽ 1000 രൂപ വരെ ചില ബോട്ടുകാർ വാങ്ങാറുണ്ട്. മൂന്ന് കിടപ്പുമുറികളുള്ള ഹൗസ് ബോട്ട് 31,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം സവാരി നടത്തിയത്. സാധാരണ നിലയിൽ ഇവയ്ക്ക് 14000 രൂപയേ ഈടാക്കാറുള്ളൂ. ഇടനിലക്കാരായവർ സഞ്ചാരികളെ തങ്ങളുടെ പാട്ടിലാക്കി കൂടുതൽ തുക ഈടാക്കുകയാണ് പതിവ്.

കുറഞ്ഞ പിഴ 10,000രൂപ

 യന്ത്രം ഘടിപ്പിച്ച് സർവീസ് നടത്തുന്ന യാനങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധം

 രജിസ്ട്രേഷൻ കാലാവധി അഞ്ചുവർഷം, പുതുക്കുന്നതിൽ വീഴ്ചയുണ്ടായാൽ പിഴ ഇരട്ടി

 ഇൻഷ്വറൻസ്, പെർമിറ്റ്, വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം

 2021ലെ കേന്ദ്ര നിയമത്തിലെ കുറഞ്ഞ പിഴ 10,000രൂപ

സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലല്ല പരിശോധനകൾ നടത്തുന്നത്. രേഖകൾ ഇല്ലാത്ത യാനങ്ങൾ ഹാജരാക്കാൻ നോട്ടീസ് നൽകിയാലും അതിന് തയ്യാറാകാത്ത ഉടമകളുടെ പട്ടിക നിയമനടപടിക്കായി ജില്ലാ പൊലീസ് മേധാവിക്ക് നൽകും. ആവശ്യമായ രേഖകൾ ഇല്ലാതെ സർവീസ് നടത്തുന്ന മുഴുവൻ ബോട്ടുടമകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും.

-ക്യാപ്ടൻ എബ്രഹാം കുര്യാക്കോസ്, പോർട്ട് ഓഫീസർ, ആലപ്പുഴ

"തുറമുഖ വകുപ്പ് ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റ് ഇല്ലാതെ സർവീസ് നടത്തുന്നത് തെറ്റാണ്. എന്നാൽ നിലവിലുള്ള സാങ്കേതിക തടസങ്ങൾ ഒഴിവാക്കി ലൈസൻസ് നൽകാനുള്ള നടപടി തുറമുഖവകുപ്പ് സ്വീകരിക്കണം.

- ആർ.ആർ.ജോഷിരാജ്, മുൻ സംസ്ഥാന പ്രസിഡന്റ്, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ

Advertisement
Advertisement