ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തിൽ കയറ്റിയില്ല: ഇൻഡിഗോയ്‌ക്ക് അഞ്ചു ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ

Sunday 29 May 2022 2:21 AM IST

ന്യൂഡൽഹി: റാഞ്ചി വിമാനത്താവളത്തിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിക്ക് സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) അഞ്ചു ലക്ഷം രൂപ പിഴയിട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗരേഖ പരിഷ്‌കരിക്കുമെന്നും ഡി.ജി.സി.എ വ്യക്തമാക്കി.

മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിൽ രക്ഷിതാക്കൾക്കൊപ്പമെത്തിയ പ്രത്യേക പരിചരണം ആവശ്യമായ കുട്ടിയെ വിമാനത്തിൽ കയറ്റാതിരുന്ന സംഭവത്തിൽ വിമാന കമ്പനിക്ക് പിഴവു സംഭവിച്ചെന്നും അവർ കൈകാര്യം ചെയ്‌ത രീതിയാണ് സംഭവം വഷളാക്കിയതെന്നും ഡി.ജി.സി.എ പ്രസ്‌താവനയിൽ പറയുന്നു. അനുകമ്പയുള്ള സമീപനത്തിലൂടെ കുട്ടിയെ സമാധാനിപ്പിച്ചിരുന്നെങ്കിൽ വിമാനത്തിൽ കയറ്റാതെ തിരിച്ചയച്ച നടപടി ഒഴിവാക്കാമായിരുന്നു.

പ്രത്യേക സാഹചര്യങ്ങളിൽ അസാധാരണമായ പ്രതികരണങ്ങൾ ആവശ്യമാണെന്നിരിക്കെ അവസരത്തിനൊത്തുയരാൻ വിമാന കമ്പനി ജീവനക്കാർക്ക് കഴിഞ്ഞില്ല. ഇത് സിവിൽ വ്യോമയാന ചട്ടങ്ങൾ ലംഘിക്കുന്നതിനിടയാക്കിയെന്നും ഡി.ജി.സി.എ പ്രസ്‌താവനയിൽ പറയുന്നു. ഇൻഡിഗോ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന് വിലയിരുത്തിയാണ് പിഴ ചുമത്തിയത്.

റാഞ്ചിയിൽ നിന്ന് ഹൈദരാബാദ് വിമാനത്തിൽ കയറാനെത്തിയ കുട്ടിയുടെ പെരുമാറ്റം സഹയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്ന് പറഞ്ഞാണ് ഇൻഡിഗോ ജീവനക്കാർ ബോർഡിംഗ് ഗേറ്റിൽ തടഞ്ഞത്. രക്ഷിതാക്കളും സഹയാത്രക്കാരും കുട്ടിക്കു വേണ്ടി വാദിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. സഹയാത്രക്കാരനായ മനീഷ് ഗുപ്‌ത ചിത്രീകരിച്ച ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ബോർഡിംഗ് ഗേറ്റിലെ കുട്ടിയുടെ പെരുമാറ്റം മൂലമാണ് വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നതെന്നായിരുന്നു ഇൻഡിഗോ സി.ഇ.ഒ റോണോജോയ് ദത്തയുടെ വിശദീകരണം. വിവാദമുയർന്നതോടെ ഇൻഡിഗോ കുട്ടിയെയും രക്ഷിതാക്കളെയും ഹോട്ടലിൽ പാർപ്പിച്ച ശേഷം അടുത്ത ദിവസം മറ്റൊരു വിമാനത്തിലെ യാത്രയ്ക്ക് അനുവദിച്ചിരുന്നു.

Advertisement
Advertisement