'അവർ താജ്‌മഹലിനടിയിൽ പ്രധാനമന്ത്രിയുടെ ഡിഗ്രി തേടുകയാണ്'; ബിജെപിക്കെതിരെ പരിഹാസവുമായി ഒവൈസി

Sunday 29 May 2022 1:21 PM IST

ന്യൂഡൽഹി: താജ്‌മഹലിന്റെ പേരിൽ അലഹാബാദ് ഹൈക്കോടതിയിൽ ബിജെപി നേതാവ് നൽകിയ ഹർജിയെ പരിഹസിച്ച് ഓൾ ഇന്ത്യ മജ്‌ലി‌സ്-ഇ-ഇതെഹദുൾ മുസ്‌ളീമിൻ(എഐഎംഐഎം) അദ്ധ്യക്ഷനും ലോക്‌സഭാംഗവുമായ അസദ്ദുദ്ദീൻ ഒവൈസി. താജ്‌മഹലിലെ തുറക്കാത്ത 22 മുറികൾക്ക് പിന്നിലെ സത്യം കണ്ടെത്തണമെന്നും പണ്ട് ആ സ്ഥലം ഒരു ശിവക്ഷേത്രമായിരുന്നുവെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. ഇതിനെ പരിഹസിച്ച ഒവൈസി ബിജെപി താജ്‌മഹലിനടിയിൽ പ്രധാനമന്ത്രിയുടെ ഡിഗ്രി അന്വേഷിക്കുകയാണെന്ന് പരിഹസിച്ചു. മഹാരാഷ്‌ട്രയിലെ ഭീവാണ്ടിയിൽ സംസാരിക്കവെയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.

അലഹബാദ് ഹൈക്കോടതിയിൽ ബിജെപിയുടെ ഒരു പ്രാദേശിക നേതാവാണ് ഹർജി നൽകിയത്. ഇത് തള‌ളിയ കോടതി ഇക്കാര്യം ചരിത്രകാരന്മാരാണ് പരിശോധിക്കേണ്ടതെന്ന് പറഞ്ഞു. പ്രധാനമന്ത്രിയെ പരിഹസിച്ച പ്രസംഗത്തിൽ മുഗൾ വംശത്തിനെതിരായി ബിജെപി ആരോപണമുന്നയിച്ചതിനും ഒവൈസി മറുപടി നൽകി. ഇന്ത്യയിൽ പുറമേ നിന്നും വന്നവരാണ് മുഗളർ എന്നാണ് ബിജെപി പറയുന്നത്. മറ്റനേകം വിഭാഗങ്ങൾ ഇന്ത്യയ്‌ക്ക് പുറത്തുനിന്നും വന്നവരാണ്. ആദിവാസികൾക്കും ദ്രാവിഡർക്കും മാത്രമാണ് ഇന്ത്യയിൽ യഥാർത്ഥ അവകാശമെന്നും ഒവൈസി പറഞ്ഞു.

Advertisement
Advertisement