സെഡാൻ ലോകം വാഴാൻ ഫോക്‌സ്‌വാഗൻ വെർട്യൂസ്

Monday 30 May 2022 3:52 AM IST

കൊച്ചി: എസ്.യു.വികൾ അരങ്ങുവാഴുന്ന ഇന്ത്യൻ വാഹനവിപണി കീഴടക്കുന്നത് ലക്ഷ്യമിട്ട് ഫോക്‌സ്‌വാഗൻ അവതരിപ്പിക്കുന്ന പുത്തൻ സെഡാൻ 'വെർട്യൂസ് " ജൂൺ 9ന് വിപണിയിലെത്തും. രൂപകല്പനയിലും പെർഫോമൻസിലും യാത്രാസൗകര്യത്തിലും സുരക്ഷയിലും വൻ മികവുകളുമായാണ് ഈ പ്രീമിയം മിഡ്‌-സൈസ് സെഡാൻ ഉപഭോക്താക്കളിലേക്ക് എത്തുന്നത്.

വിലയും മൈലേജുമടക്കമുള്ള വിവരങ്ങളും ജൂൺ 9ന് അറിയാം. വെർട്യൂസിന് ഇതിനകം 3,​000ലേറെ പ്രീ-ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രീ-ബുക്കിംഗ് 300 കടന്നു. വെർട്യൂസിന്റെ പ്രീ-ലോഞ്ചിംഗിനായി കൊച്ചിയിലെത്തിയ ഫോക്‌സ്‌‌വാഗൻ പാസ‍‍ഞ്ചർ കാർസ് ഇന്ത്യ ബ്രാൻഡ് ഡയറക്‌ടർ ആശിഷ് ഗുപ്‌ത സംസാരിക്കുന്നു.

 വെർട്യൂസിന്റെ വിശേഷങ്ങൾ?​

പൂർണമായും ഇന്ത്യൻ നിരത്തുകൾക്ക് ഇണങ്ങുന്ന സെഡാനാണ് വെർട്യൂസ്. വിപണിയിൽ വെർട്യൂസിന് എതിരാളികളേ ഉണ്ടാവില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം മികച്ച നിർമ്മാണനിലവാരം,​ 40ലേറെ ഉന്നത സുരക്ഷാഫീച്ചറുകൾ,​ ഫൺ ടു ഡ്രൈവ് ആശയങ്ങളിലൂന്നിയാണ് വെർട്യൂസിനെ ഒരുക്കിയിട്ടുള്ളത്.

 എം.ക്യു.ബി പ്ളാറ്റ്‌ഫോമിനെക്കുറിച്ച്?

ഇന്ത്യയ്‌ക്കായി 100 കോടി യൂറോ നിക്ഷേപത്തോടെ ഫോക്‌സ്‌വാഗൻ ഗ്രൂപ്പ് ഒരുക്കിയ ഇന്ത്യ 2.0 പ്രോജക്‌ടിന് കീഴിൽ എം.ക്യു.ബി എ.ഒ ഐ.ൻ പ്ളാറ്റ്‌ഫോമിൽ ഒരുക്കിയ ബ്രാൻഡിന്റെ രണ്ടാമത്തെ മോ‌ഡലാണ് വെർട്യൂസ്. വിപണിയിൽ വെർട്യൂസ് ചുവടുവയ്ക്കുന്നതോടെ ഇന്ത്യ 2.0 പ്രൊജക്‌ടിന്റെ ലക്ഷ്യവും പൂർത്തിയാവും.

ഇന്ത്യ 2.0 പൂർത്തിയാവുമ്പോൾ തുടർപദ്ധതികൾ?​

വാഹന നിർമ്മാണത്തിന്റെ പുതിയഘട്ടത്തിലേക്ക് പ്രവേശിക്കാനാണ് ഇനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഉദ്ദേശിച്ചത് ഇലക്‌ട്രിക് കാറുകൾ തന്നെ. അതിനായി ആഗോളതലത്തിൽ കമ്പനി ഒരുക്കിയ 'എം.ഇ.ബി" പ്ളാറ്റ്‌ഫോം ഇന്ത്യയ്ക്കും അനുയോജ്യമാണെന്ന് കരുതുന്നു. 2025ഓടെ ഇന്ത്യയിൽ ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാർ വില്പനയ്ക്കെത്തും.

 എസ്.യു.വികൾക്കാണ് ഇന്ത്യയിൽ ഏറെ ഡിമാൻഡ്. അവയോടാണ് വെർട്യൂസ് ഏറ്റുമുട്ടുന്നത്?

സെഡാനുകളുടെയും പ്രിയവിപണിയാണ് ഇന്ത്യ. മിഡ്-സൈസ് പ്രീമിയം സെഡാൻ ശ്രേണിയിലെ ഏറ്റവും വലിയ മോഡലാണ് വെർട്യൂസ്. 95 ശതമാനവും പ്രാദേശികഘടകങ്ങൾ ഉപയോഗിച്ചാണ് വെർട്യൂസ് നിർമ്മിച്ചത്.

ആകർഷകമായ പുറംമോടി,​ വിശാലമായ അകത്തളം,​ വിനോദ സംവിധാനങ്ങൾ,​ സുരക്ഷാഫീച്ചറുകൾ എന്നിവ ആരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്.

 മികവുകൾ വിശദമാക്കാമോ?​

ജർമ്മൻ എൻജിനിയറിംഗിലാണ് വെർട്യൂസ് ഒരുങ്ങിയത്. 20.32 സെന്റീമീറ്റർ ‌ഡിജിറ്റൽ കോക്ക്‌പിറ്റ്,​ 25.65 സെന്റീമീറ്റർ ടച്ച്‌സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ്,​ കീലെസ് എൻട്രിയും എൻജിൻ സ്‌റ്റാർട്ടും,​ ഇലക്‌ട്രിക് സൺറൂഫ്,​ സ്മാർട്ട് ടച്ച് ക്ളൈമട്രോണിക് എ.സി.,​ മികച്ച സ്പീക്കറുകൾ,​ വയർലെസ് മൊബൈൽ ചാർജിംഗ്,​ വിശാലമായ ഹെഡ്,​ ലെഗ്,​ ഷോൾഡർ റൂമുകൾ,​ വെന്റിലേറ്റഡ് സീറ്റുകൾ,​ ആറ് എയർബാഗുകളും റിവേഴ്‌സ് കാമറയും ഉൾപ്പെടെ 40ലേറെ സുരക്ഷാഫീച്ചറുകൾ എന്നിങ്ങനെ മികവുകളാൽ സമ്പന്നമാണ് വെർട്യൂസ്. 521 ലിറ്റർ ബൂട്ട്‌സ്പേസുണ്ട്.

വൈൽഡ് ചെറി റെഡ്,​ കാർബൺ സ്‌റ്റീൽ ഗ്രേ,​ റിഫ്ളക്‌സ് സിൽവർ,​ കുർക്കുമ യെല്ലോ,​ കാൻഡി വൈറ്റ്,​ പുതിയ റൈസിംഡ് ബ്ളൂ നിറങ്ങളിൽ വെർട്യൂസ് ലഭിക്കും.

 എൻജിനെക്കുറിച്ച്?​

1.0 ലിറ്റർ,​ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുകളും മാനുവൽ,​ ഓട്ടോമാറ്റിക് ഗിയർ ഓപ്‌ഷനുകളുമുണ്ട്. 190 കിലോമീറ്ററാണ് ടോപ്‌സ്പീഡ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 9 സെക്കൻഡ് ധാരാളം.

 കേരള വിപണിയുടെ പ്രകടനം?​

ഫോക്‌സ്‌വാഗന്റെ സുപ്രധാന വിപണിയാണ് കേരളം. ഞങ്ങളുടെ മൊത്തം വില്പനയുടെ 14-15 ശതമാനം കേരളത്തിലാണ്. പോളോയ്ക്ക് ഇവിടെ വലിയ സ്വീകാര്യത കിട്ടിയിരുന്നു. അതേസ്‌നേഹം എസ്.യു.വിയായ ടൈഗൂണിനും ഇപ്പോൾ കിട്ടുന്നു. ശ്രേണിയിൽ 25 ശതമാനം വിഹിതം കേരളത്തിൽ ടൈഗൂണിനുണ്ട്. 2,​500ലേറെ ടൈഗൂണുകൾ കേരള നിരത്തിലുണ്ട്.

 വിലക്കയറ്റം,​ പലിശനിരക്ക് വർദ്ധന തുടങ്ങിയ വെല്ലുവിളികൾ എങ്ങനെയാണ് വാഹന വിപണിയെ ബാധിക്കുന്നത്?​

തീർച്ചയായും വിലക്കയറ്റവും ഉയരുന്ന പലിശനിരക്കും വെല്ലുവിളിയാണ്. ഇതിന്റെ പ്രതിഫലനം വരുംമാസങ്ങളിൽ ദൃശ്യമാകാനാണ് സാദ്ധ്യത. എന്നാൽ,​ ആകർഷക വിലയിൽ ഉപഭോക്തൃസൗഹൃദ മോഡലുകളിലൂടെ ഈ പ്രതിസന്ധി തരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്.