'എസ്‌ഡിപി‌ഐയെ എനിക്ക് നന്നായറിയാം, കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ', മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പി സി ജോർജ്

Sunday 29 May 2022 3:37 PM IST

തൃക്കാക്കര: വെണ്ണലയിലെയും തിരുവനന്തപുരത്തെയും പ്രസംഗങ്ങളിൽ ഖേദമില്ലെന്നും പറഞ്ഞത് കുറഞ്ഞുപോയെന്നും പി.സി ജോർജ്. തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്‌ണന് വേണ്ടിയുള‌ള തിരഞ്ഞെടുപ്പ് പ്രചാരണം നടത്തവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യം റദ്ദാക്കിയാൽ ജയിലിൽ പോകും. വീട്ടിലെക്കാൾ സുഖമാണ് ജയിലിലെന്നും ജോർജ് പറഞ്ഞു.

മുന്നിൽ കണ്ട സാമൂഹിക തിന്മകളെ ചൂണ്ടിക്കാട്ടുകയെന്നത് ഒരു പൊതു പ്രവർ‌ത്തകന്റെ കടമയാണ്. ആരെയും കൊല്ലുകയോ കലാപാഹ്വാനം നൽകുകയോ കൈകാലുകൾ വെട്ടുകയോ ചെയ‌്തിട്ടില്ല. ഒരു സമുദായത്തിലെ ഏതെങ്കിലും വ്യക്തിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ സമുദായത്തെ അപ്പാടെ അപമാനിച്ചു എന്ന് വരുത്തി സമുദായത്തിലെ വോട്ട് മുഴുവൻ കൈക്കലാക്കാനാണ് ഇടത്-വലത് മുന്നണി ശ്രമിക്കുന്നതെന്നും ജോർജ് ആരോപിച്ചു.

പിണറായി വിജയന് തന്നെ ഒരുചുക്കും ചെയ്യാനാവില്ലെന്നും പിണറായിയുടെ പൊലീസിന് തന്നെ പിടിക്കാനാവില്ലെന്നും ജോർജ് പറഞ്ഞു. ജനാധിപത്യ വിശ്വാസിയായതുകൊണ്ടാണ് നോട്ടീസ്‌ കിട്ടിയയുടൻ പൊലീസ് സ്‌റ്റേഷനിലെത്തിയതെന്ന് പി.സി ജോർജ് അഭിപ്രായപ്പെട്ടു. അറസ്‌റ്റ് ചെയ്യുമെന്ന് അറിഞ്ഞാണ് എത്തിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.

2016ൽ തിരഞ്ഞെടുപ്പിൽ തന്നെ പിന്തുണച്ചവരാണ് എസ്‌ഡിപി‌ഐ. രണ്ടുവർഷം അവരുമായി ബന്ധമുണ്ടായി. ഇന്ത്യയെ സ്നേഹ‌ിക്കുന്നവരല്ല അവരെന്ന് ഉറപ്പിച്ച് പറയാനാകുമെന്നും കൂടെക്കിടന്നവനേ രാപ്പനി അറിയൂ എന്നും ജോർജ് പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് എസ്‌ഡിപി‌ഐ ബന്ധം വിച്ഛേദിച്ചത്. അഭിമന്യുവിനെ കൊലപ്പെടുത്തിയവരുടെ തോളിൽ കൈയിട്ടാണ് പി.സി ജോർജിനെ പിണറായി വിജയൻ വർഗീയവാദി എന്ന് വിളിക്കുന്നതെന്ന് പി.സി ജോർജ് ആരോപിച്ചു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് പിണറായിയുടേതെന്ന് പറഞ്ഞ പി.സി, തൃക്കാക്കരയെ വർഗീയമായി ചേരിതിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് ആരോപിച്ചു.

വർഗീയ വോട്ടുകൾ നേടാൻ മുഖ്യമന്ത്രിയുമായി മത്സരിക്കുകയാണ് വി.ഡി സതീശൻ എന്ന് പി.സി ജോർജ് ആരോപിച്ചു. കോൺഗ്രസിന്റ പെട്ടിയിലെ അവസാന ആണിയും അടിച്ച ശേഷമേ സതീശൻ അടങ്ങൂവെന്ന് പരിഹസിച്ച ജോർജ് കോൺഗ്രസ് ചരിത്രത്തിലെ മോശം പ്രതിപക്ഷ നേതാവാണ് സതീശനെന്നും അഭിപ്രായപ്പെട്ടു.