രാത്രികാലങ്ങളിൽ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് ഇനി നിയന്ത്രണങ്ങൾ; ഉത്തരവിറക്കി യു പി സർക്കാർ

Sunday 29 May 2022 3:52 PM IST

ലക്നൗ: സംസ്ഥാനത്ത് രാത്രികാലങ്ങളിൽ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് ഒമ്പത് നിർദേശങ്ങൾ അടങ്ങുന്ന ഉത്തരവും സംസ്ഥാന സർക്കാർ ഇറക്കിയിട്ടുണ്ട്. ഇനി മുതൽ ഒരു ഫാക്ടറിയിലും രാത്രി ഏഴ് മണി മുതൽ രാവിലെ ആറ് മണി വരെ സ്ത്രീകളെ ജോലി ചെയ്യാനായി നിർബന്ധിക്കാൻ കഴിയില്ല. ഈ സമയങ്ങളിൽ സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കണമെങ്കിൽ അവരുടെ രേഖാമൂലമുള്ള സമ്മതം കരസ്ഥമാക്കിയിരിക്കണം.

ഇത്തരത്തിൽ രാത്രി സമയത്ത് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ജോലി സ്ഥലത്തേയ്ക്കും തിരിച്ചും സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തണം. ഭക്ഷണവും സൗജന്യമായി തന്നെ നൽകണം. ഇവരുടെ സുരക്ഷയ്ക്ക് മതിയായ മേൽനോട്ടവും ഏർപ്പെടുത്തണം. രാത്രി കാലങ്ങളിൽ ജോലി ചെയ്യാൻ വിസമ്മതിച്ചു എന്ന കാരണത്താൽ ഒരു സ്ത്രീയേയും ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

രാത്രികാലങ്ങളിലെ ജോലിയ്ക്കായി ശുചിമുറികൾ, വസ്ത്രം മാറാനുള്ള മുറികൾ എന്നിവ ഒരുക്കണം. കുടിവെള്ളവും നൽകണം. കുറഞ്ഞത് നാല് സ്ത്രീകളെങ്കിലും ഒരുമിച്ച് ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന രീതിയിലായിരിക്കണം രാത്രികാലങ്ങളിലെ ഷിഫ്റ്റ് ക്രമീകരിക്കാൻ. കൂടാതെ ലൈംഗികാതിക്രമങ്ങൾ തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Advertisement
Advertisement