അമർനാഥ് യാത്രയ്‌ക്ക് ഭീഷണിയായി പാകിസ്ഥാൻ; കാശ്‌മീരിൽ ബോംബും ഗ്രനേഡും നിറച്ച ഡ്രോൺ വെടിവച്ചിട്ട് പൊലീസ്

Sunday 29 May 2022 4:27 PM IST

ശ്രീനഗർ: അമർനാഥ് തീർത്ഥാടന സമയം അടുത്തിരിക്കെ കാശ്‌മീരിൽ ആക്രമണ ശ്രമങ്ങൾ വർദ്ധിപ്പിച്ച് പാകിസ്ഥാൻ. ഏഴ് മാഗ്നറ്റിക് ബോംബുകളും യുജിസിഎൽ ഗ്രനേഡുകളും സ്‌റ്റിക്കി ബോംബുകളുമായി അതിർത്തികടന്നെത്തിയ പാക് ഡ്രോൺ പൊലീസ് വെടിവച്ചിട്ടു. കത്വയിലെ രാജ്‌ബാഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ തലി ഹരിയ ചക് മേഖലയിലാണ് ഡ്രോൺ കണ്ടത്.

ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ തെക്കൻ കാശ്‌മീരിലെ അമർനാഥ് ഗുഹാ ക്ഷേത്ര തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിലെ സ്‌ഫോടകവസ്‌തുക്കൾ അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമാക്കിയുള‌ളതാണെന്നാണ് പൊലീസ് അറിയിക്കുന്നത്.

ജൂൺ 30 മുതലാണ് അമർനാഥ് തീർത്ഥാടനം ആരംഭിക്കുന്നത്. 43 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലത്ത് 48 കിലോമീ‌റ്റ‌ർ നീളമുള‌ള പരമ്പരാഗത തീർത്ഥാടന പാതയാണ് ഭക്തർ ഉപയോഗിക്കുന്നത്. ഇവിടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഇന്ന് ഡ്രോൺ കണ്ടെത്തിയത്.